കണ്ണൂർ: സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യാൻ പദ്ധതി. ഇതിന്‍റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽ വരും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതുസംബന്ധിച്ച പരിശീലനം പൂർത്തിയായി.
എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലും ആന്തൂർ നഗരസഭയിലും സർവേ ആരംഭിച്ചു. മറ്റിടങ്ങളിൽ ഈ മാസം സർവേ നടത്തും.ഹരിത കർമസേനാംഗങ്ങൾ ഹരിതമിത്രം ആപ് ഡൗൺലൗഡ് ചെയ്ത് വീടുകളിലും കടകളിലും കയറിയാണ് വിവരശേഖരണം നടത്തുന്നത്. ശേഷം എല്ലാ വീടുകളിലും ക്യു ആർ കോഡ് പതിക്കും. തുടർന്നുള്ള മാസങ്ങളിൽ ഇവിടങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങൾ ക്യു ആർ കോഡ് വെച്ച് പുതുക്കാനാവും.
ആപ് നിലവിൽവരുന്നതോടെ പൊതുജനങ്ങൾക്ക് മാലിന്യ ശേഖരവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ആവശ്യപ്പെടാം.
ആപ്പിലൂടെ പരാതികൾ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും കഴിയും. തദ്ദേശ സ്ഥാപന അധ്യക്ഷർ, അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ എന്നീ വിഭാഗക്കാർക്ക് ആപ്പിലൂടെ വിവരങ്ങൾ ലഭിക്കും.
പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഇത് ഓഫ്ലൈനായും ഓൺലൈനായും ഉപയോഗിക്കാം. തദ്ദേശം, ജില്ല, സംസ്ഥാനതലം വരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്പിലുള്ളത്.
നടപ്പിലാക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ
എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ, മാങ്ങാട്ടിടം, കോട്ടയം, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, ചെമ്പിലോട്, പെരളശ്ശേരി, കരിവെള്ളൂർ -പെരളം, രാമന്തളി, കടന്നപ്പള്ളി, ഉദയഗിരി, ചെങ്ങളായി, കണ്ണപുരം, ചെറുതാഴം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം, കോളയാട്, കണിച്ചാർ, പേരാവൂർ, മാലൂർ, കേളകം, പടിയൂർ, പയ്യാവൂർ, പായം, കൂടാളി ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ ഉൾപ്പെടെ രണ്ട് നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.