കണ്ണൂർ: കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ പയ്യാമ്പലത്ത് എത്തുന്ന സന്ദർശകരെ വരവേൽക്കുന്നത് മാലിന്യം. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയാണ്. അമ്പതോളം ഭാഗങ്ങളിൽ ഇത്തരത്തിൽ മാലിന്യകൂമ്പാരമുണ്ട്. പ്ലാസ്റ്റിക് കത്തിക്കരുതെന്ന് നേരത്തേ കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും കത്തിക്കൽ തുടരുകയാണ്. പ്ലാസ്റ്റിക് സഞ്ചികളും ഗ്ലാസുകളും കുടിവെള്ള കുപ്പികളും ഐസ്ക്രീം കപ്പുകളുമാണ് ബീച്ചിൽ നിറഞ്ഞിരിക്കുന്നത്.
പയ്യാമ്പലത്തെ ചില കടകളിലെ മാലിന്യവും ബീച്ചിൽ തള്ളുന്നതായി പരാതിയുണ്ട്. പുതിയ നടപ്പാതയോട് ചേർന്ന സ്ഥലം കാടുപിടിച്ചതിനാൽ ഇതിെൻറ മറവിലും മാലിന്യം തള്ളൽ വ്യാപകമാണ്. റോഡരികിൽ സ്ഥിതി ചെയ്യുന്ന തട്ടുകടകളിലെയും മറ്റും മാലിന്യം ബീച്ചിൽ തള്ളുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും പയ്യാമ്പലത്ത് എത്തുന്നത്. അവധിദിവസങ്ങളിൽ ആളുകളുടെ എണ്ണം പതിനായിരത്തിന് അടുത്തെത്തും. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി 14,000ത്തിൽ അധികം സഞ്ചാരികളാണ് രണ്ടുദിവസമായി പയ്യാമ്പലത്ത് എത്തിയത്. നഗരത്തിൽ താമസിക്കുന്നവരും ബീച്ചിൽ മാലിന്യം കൊണ്ടിടുന്നതായി പരാതിയുണ്ട്.
പുതിയ നടപ്പാതയോട് ചേർന്ന് മാലിന്യകൂമ്പാരം
കഴിഞ്ഞ ദിവസം എൻ.സി.സി കാഡറ്റുകൾ ബീച്ച് ശുചീകരിച്ചിരുന്നെങ്കിലും കത്തിയ പ്ലാസ്റ്റിക് മാലിന്യം മാറ്റിയിട്ടില്ല. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഏഴ് ശുചീകരണ തൊഴിലാളികൾ ബീച്ചിലുണ്ട്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനമില്ല. ഇത്രയും വിശാലമായ പ്രദേശത്തെ മാലിന്യം മാറ്റാൻ തൊഴിലാളികളുടെ എണ്ണം പര്യാപ്തമല്ലെന്നും ആക്ഷേപമുണ്ട്.
ബീച്ചിൽ കുറ്റിക്കാട് നിറഞ്ഞിരിക്കുന്നത് മാലിന്യം തള്ളുന്നതിന് മറയാകുന്നുണ്ട്. രണ്ട് വർഷം മുമ്പ് നിർമിച്ച ഇരിപ്പിടങ്ങൾ ഇളകിയ നിലയിലാണ്. 800 മീറ്റർ നീളത്തിൽ വിവിധയിടങ്ങളിലായി കരിങ്കല്ലിലാണ് ഇരിപ്പിടം നിർമിച്ചത്.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ഡി.ടി.പി.സിയുമായി ചേർന്ന് ശുചീകരണം നടത്താനുമുള്ള നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞമാസം പയ്യാമ്പലം സന്ദർശിച്ച കോർപറേഷൻ മേയർ ടി.ഒ. മോഹനൻ അറിയിച്ചിരുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന ശുചീകരണം അശാസ്ത്രീയമാണെന്നും ബീച്ചിെൻറ ശോച്യാവസ്ഥ പരിഹരിക്കാൻ ഇടപടണമെന്നും ആവശ്യപ്പെട്ട് ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന് മേയർ കത്ത് നൽകിയിരുന്നു. അവധിക്കാലം തുടങ്ങാനിരിക്കെ ബീച്ചിൽ സന്ദർശകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പാർട്ടി കോൺഗ്രസിനും മന്ത്രിസഭ വാർഷികാഘോഷത്തിനും കണ്ണൂർ വേദിയായതോടെ നിരവധി സന്ദർശകരാണ് പയ്യാമ്പലത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.