കണ്ണൂർ: സംസ്ഥാനത്ത് നാലുവർഷം കൊണ്ട് സമ്പൂർണ മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ശുചിത്വ മിഷന്റെ 'എന്റെ നഗരം ശുചിത്വ നഗരം' പദ്ധതിയുടെ ഭാഗമായി നഗരസഭകൾക്കുള്ള ഏകദിന മേഖലതല ശിൽപശാല ധർമശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കും. മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത, വികേന്ദ്രീകൃത പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണം. അത്യാധുനിക സൗകര്യങ്ങളുള്ള മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കണം. അവയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് നേരിൽക്കണ്ട് മനസ്സിലാക്കാനും കഴിയണം.
തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ വിവര ശേഖരണവും ജി.ഐ.എസ് മാപ്പിങ്ങും നടത്തി മാലിന്യ നിർമാർജനം കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമായി നടത്തണമെന്നും മന്ത്രി പറഞ്ഞു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 36 നഗരസഭകളിൽ നിന്ന് 180 പ്രതിനിധികൾ പങ്കെടുത്തു.
മേയർ, ചെയർപേഴ്സൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ, സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങുന്ന അഞ്ച് അംഗങ്ങളാണ് ഓരോ നഗരസഭയെയും പ്രതിനിധാനംചെയ്ത് എത്തിയത്. ഖര, ദ്രവ മാലിന്യ സംസ്കരണവും വിവിധ പദ്ധതികളുടെ വിശദീകരണവും ഉൾപ്പെടെ നാല് സെഷനുകളായാണ് പരിപാടി നടന്നത്.
ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. 'മാലിന്യ സംസ്കരണവും സർക്കാർ സമീപനവും' എന്ന വിഷയം നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയൻ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.