വി​ദ്യാ​ർ​ഥി​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പൊ​ലീ​സ് ഉ​​ദ്യോ​ഗ​സ്ഥ​ർ ക​ണ്ണൂ​ർ താ​വ​ക്ക​ര

ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കുട്ടിക്കറക്കത്തിന് തടയിട്ട് പൊലീസ്

കണ്ണൂർ: ക്ലാസ് കട്ടാക്കിയും വീട്ടിലെത്താതെ നഗരത്തിൽ അലഞ്ഞുതിരിഞ്ഞും നടക്കുന്ന വിദ്യാർഥികളെ നേർവഴിക്ക് നടത്താൻ സിറ്റി പൊലീസ് തുടങ്ങിയ 'വാച്ച് ദി സ്റ്റുഡന്റ്' പരിശോധനയിൽ പിടിയിലായത് മുപ്പതിലേറെ വിദ്യാർഥികൾ.

ചാല സ്കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവത്തിനെത്തി മുങ്ങിയ അഞ്ചു വിദ്യാർഥികളെ തിങ്കളാഴ്ച നഗരത്തിലെ മാളിൽനിന്ന് പൊലീസ് പിടികൂടി. യൂനിഫോം ധരിക്കാതെയെത്തിയ ഇവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കുട്ടികളെ മാനസിക പിരിമുറുക്കം നൽകാതെ ഉപദേശിച്ച് തിരിച്ചയച്ചു.

നഗരത്തിലെ സ്കൂൾ വിദ്യാർഥികളെ നിരീക്ഷിക്കാൻ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ 'വാച്ച് ദി ചിൽഡ്രൻ' എന്ന പേരിൽ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചാണ് പ്രവർത്തനം. കോർപറേഷൻ പരിധിയിലെ സ്കൂൾ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വനിത പൊലീസ് ഉദ്യോഗസ്ഥർ, പിങ്ക് പൊലീസ് എന്നിവരാണ് ഗ്രൂപ്പിലെ അംഗങ്ങൾ. സംശയകരമായ സാഹചര്യത്തിൽ സ്കൂളിലെത്താത്ത വിദ്യാർഥികളെക്കുറിച്ച് വാട്സ്ആപ് ഗ്രൂപ്പിൽ വിവരം നൽകാം.

ഇത്തരത്തിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, രക്ഷിതാക്കൾ രണ്ടുപേരും ജോലിക്കുപോയശേഷം സ്കൂളിലെത്താതെ വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിയെ വീട്ടിലെത്തി പൊലീസ് കാര്യങ്ങൾപറഞ്ഞ് മനസ്സിലാക്കി.

തലവേദനയാണെന്ന് പറഞ്ഞാണ് കുട്ടി ക്ലാസിൽ പോകാതിരുന്നത്. രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോൾ സ്കൂളിലേക്ക് പോയതായി വിവരം ലഭിച്ചതോടെയാണ് പൊലീസ് വീട്ടിലെത്തിയത്. വനിത സെൽ ഇൻസ്പെക്ടർ ടി.പി. സുധയുടെ നേതൃത്വത്തിൽ വനിത പൊലീസുകാരുടെ പ്രത്യേക സ്ക്വാഡ് ഇതിനായി പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ കോട്ട, മാളുകൾ, പയ്യാമ്പലം ബീച്ച്, പാർക്കുകൾ, സിനിമ തിയറ്ററുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് സ്കൂളിൽനിന്ന് മുങ്ങുന്ന വിരുതന്മാർ കറങ്ങിനടക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം വിദ്യാർഥികളുടെ കണ്ടുമുട്ടൽ വേദികളായി കോട്ടയും മാളും ബീച്ചുകളുമാണ് തിരഞ്ഞെടുക്കുന്നത്. പൊലീസ് നടപടി ശക്തമാക്കിയതോടെ തിങ്കളാഴ്ച ക്ലാസ് കട്ട് ചെയ്തവരാരും കോട്ടയിലെത്തിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നവംബർ ഒമ്പതുമുതലാണ് വാച്ച് ദി സ്റ്റുഡന്റ് പരിശോധന തുടങ്ങിയത്. ദിവസേന ഏഴുപേരെയെങ്കിലും പിടികൂടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്കൂളിൽ പോകാതെ നഗരത്തിലെ മാളുകളിലും ബീച്ചുകളിലും വേഷംമാറി കറങ്ങിനടക്കുന്നവരെ ലഹരിമാഫിയ ഉന്നംവെക്കുന്നതായി പൊലീസിന് വിവരമുണ്ട്.

നഗരത്തിലെ വിദ്യാർഥികൾ എം.ഡി.എം.എ അടക്കമുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. ഇതിനെ തുടർന്നാണ് നിരീക്ഷണത്തിന് പ്രത്യേക സംവിധാനമുണ്ടാക്കിയത്. സംശയാസ്പദമായ സാഹചര്യങ്ങളിൽ കണ്ടെത്തുന്ന വിദ്യാർഥികളെക്കുറിച്ച് പൊലീസിൽ വിവരം നൽകാം. ഫോൺ: 9497987216.

Tags:    
News Summary - watch the students-police drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.