കണ്ണൂർ: വേനൽക്കാലമെത്തുന്നതോടെ ജില്ലയിൽ കുടിവെള്ളമെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നു. ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജി.പി.എസ് ട്രാക്കിങ് സംവിധാനം ഘടിപ്പിച്ച ടാങ്കര്‍ ലോറികളിലാണ് വിതരണം ചെയ്യുക. വിതരണത്തിലെ കൃത്യത ഉറപ്പുവരുത്താനാണ് ജി.പി.എസ് സംവിധാനമുള്ള ലോറികൾ ഉപയോഗിക്കുന്നത്.
ലോറികളിൽ കൊണ്ടുപോകുന്ന വെള്ളം അർഹരായവരിൽതന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കഴിഞ്ഞവർഷം കോവിഡ് പ്രതിസന്ധിക്കിടയിലും കുടിവെള്ളക്ഷാമം കാര്യമായി ബാധിക്കാത്തത് ആശ്വാസമായിരുന്നു. ഇത്തവണ വാട്ടർ അതോറിറ്റിയുടെ കൂടുതൽ കണക്ഷനുകൾ നൽകിയതിനാൽ കാര്യമായി കുടിവെള്ളം ലോറികളിൽ എത്തിക്കേണ്ടതില്ലെന്നാണ് കരുതുന്നത്.
മാർച്ച് 31 വരെ പഞ്ചായത്തുകളിൽ 5.50 ലക്ഷവും നഗരസഭകളിൽ 11 ലക്ഷവും കോർപറേഷനിൽ 16.50 ലക്ഷം രൂപ വരെയും കുടിവെള്ള വിതരണത്തിനായി ചെലവഴിക്കാം. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപന മേധാവികൾക്ക് കണ്ണൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിർദേശം നല്കി. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ പരിധിയിൽ യഥാക്രമം 11, 16.50, 22 ലക്ഷം രൂപവരെ ചെലവഴിക്കാം. എന്നാൽ, കഴിഞ്ഞവർഷം ജൂൺ മാസമായിട്ടും ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ പലയിടങ്ങളിലും കുടിവെള്ളക്ഷാമം നിലനിന്നിരുന്നു.
ജല അതോറിറ്റിക്ക് കീഴിലെ ചൊവ്വ, മയിലാടി അടക്കമുള്ള 20 ഫില്ലിങ് സ്റ്റേഷനുകളില്‍നിന്നാണ് കഴിഞ്ഞവർഷം കുടിവെള്ളം ടാങ്കറുകളില്‍ നിറച്ച് നല്‍കിയത്. മലയോരപ്രദേശങ്ങളിലും തീരദേശത്തുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമാവുക.കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്താനും ആവശ്യമായ ജലവിതരണം ഉറപ്പാക്കാനും പഞ്ചായത്ത് സെക്രട്ടറിമാരെയാണ് ചുമതലപ്പെടുത്തിയത്.
പരാതികളില്ലാത്തവിധം കുടിവെള്ള വിതരണം നടക്കുന്നുണ്ടെന്ന് വകുപ്പ് ജില്ല മേധാവി ഉറപ്പുവരുത്തി ഓരോ രണ്ടാഴ്ചയിലും കലക്ടർമാർക്ക് റിപ്പോർട്ട് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.