നാട് നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങും. പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികൾ. ജില്ലയിലെ രാഷ്ട്രീയകോട്ടകൾ ഇളകുമോ..?
നിലവിൽ ഇടത്തോട്ടാണ് കണ്ണൂരിെൻറ രാഷ്ട്രീയ ചായ്വ്. ആകെയുള്ള 11 മണ്ഡലങ്ങളിൽ നിലവിൽ എെട്ടണ്ണം എൽ.ഡി.എഫിെൻറ പോക്കറ്റിലാണ്. മൂന്നിടത്താണ് യു.ഡി.എഫ് എം.എൽ.എമാർ. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ എൽ.ഡി.എഫിനും കോൺഗ്രസ് നേതാവ് കെ. സുധാകരൻ യു.ഡി.എഫിനും വേണ്ടി ചരടുവലികൾ നിയന്ത്രിക്കുന്ന കണ്ണൂരിൽ ഇക്കുറി അങ്കം മുറുകുേമ്പാൾ അഞ്ച് മണ്ഡലങ്ങളിലാണ് കനത്ത പോരാട്ടം.
യു.ഡി.എഫിെൻറ കൈയിലുള്ള അഴീക്കോട്, പേരാവൂർ, ഇരിക്കൂർ എന്നിവിടങ്ങളിലും എൽ.ഡി.എഫിേൻറതായ കണ്ണൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലാണ് ഇേഞ്ചാടിഞ്ച് പേരാട്ടം. പ്രചാരണം അവസാന ലാപ്പ് പിന്നിടുേമ്പാൾ മണ്ഡലങ്ങൾ തിരിച്ച് 'മാധ്യമം' വിലയിരുത്തുന്നു.
ഇഞ്ചോടിച്ച് േപാരാട്ടമാണ് കണ്ണൂർ മണ്ഡലത്തിൽ. യു.ഡി.എഫിെൻറ കോട്ടയായ മണ്ഡലം കഴിഞ്ഞതവണ കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയിലൂടെയാണ് എൽ.ഡി.എഫ് കൈപിടിയിലൊതുക്കിയത്. ഇത്തവണ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയാണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1196 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കടന്നപ്പള്ളി ജയിച്ചുകയറിയത്. നേരിയ ഇൗ ഭൂരിപക്ഷം ഇക്കുറി മറികടക്കാമെന്നാണ് കണക്കുകൂട്ടൽ. ഡി.സി.സി പ്രസിഡൻറ് എന്ന നിലയിൽ മണ്ഡലത്തിൽ നേടിയ സുപരിചിതത്വമാണ് പാച്ചേനിക്ക് അനുകൂലമായ ഘടകം.
കൂടാതെ, ആദ്യംമുതലുള്ള ചിട്ടയായ പ്രചാരണ പ്രവർത്തനവും രാഹുൽഗാന്ധി പ്രചാരണത്തിനെത്തിയതും യു.ഡി.എഫിെൻറ ആത്മവിശ്വാസം ഇരട്ടിയാക്കി. കെ. സുധാകരൻ ആദ്യഘട്ടത്തിലേ മണ്ഡലത്തിൽ സജീവ പ്രചാരണത്തിനിറങ്ങിയതും യു.ഡി.എഫിന് അനൂകല ഘടകമാണ്.
എന്നാൽ, മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുപുറമെ കടന്നപ്പള്ളിയുടെ ജനകീയ മുഖവും വോട്ടാകും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 23,423 വോട്ടിെൻറ ഭൂരിപക്ഷം യു.ഡി.എഫ് മണ്ഡലത്തിൽ നേടിയിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് 310 ആയി കുറഞ്ഞു. അർച്ചന വണ്ടിച്ചാൽ (എൻ.ഡി.എ), ബി. ശംസുദ്ദീൻ മൗലവി (എസ്.ഡി.പി.െഎ) എന്നിവരും മത്സര രംഗത്തുണ്ട്.
രണ്ടു മുന്നണികളിലെയും യുവനേതാക്കൾ ഏറ്റുമുട്ടുന്ന അഴീക്കോട്ട് ഇക്കുറി ഉദ്വേഗം നിറഞ്ഞ പോരാട്ടമാണ്. എൽ.ഡി.എഫിൽ കെ.വി. സുമേഷും യു.ഡി.എഫിൽ മുസ്ലിംലീഗിലെ കെ.എം. ഷാജിയും തമ്മിലാണ് ഇവിടെ നേർക്കുനേർ മത്സരം. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉറച്ച ദൗത്യവുമായാണ് മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ സുമേഷിനെ മണ്ഡലത്തിൽ ഇറക്കിയിരിക്കുന്നത്. പാർട്ടിയിലെ സൗമ്യമുഖമായ സുമേഷിനുള്ള പൊതുസ്വീകാര്യത വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കൂടാതെ അഴിമതിയാരോപണവും പാർട്ടിക്കുള്ളിൽ തന്നെ ഷാജിക്കെതിരെയുള്ള പടയൊരുക്കവും വിധി തങ്ങൾക്കനുകൂലമാകുമെന്നുമാണ് ഇടതിെൻറ കണക്കുകൂട്ടൽ. ബി.ജെ.പി മുൻ ജില്ല പ്രസിഡൻറ് കെ. രഞ്ജിത്താണ് എൻ.ഡി.എ സ്ഥാനാർഥി. ഇദ്ദേഹം നേടുന്ന ഒാരോ വോട്ടും ഇടത് വലത് മുന്നണികളുടെ ജയസാധ്യതകളെ സ്വാധീനിക്കും.
മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷാജി വോട്ടർമാരെ കാണുന്നത്. പത്തുവർഷം മണ്ഡലത്തിലുള്ള പരിചയം തനിക്ക് വോട്ടായി മാറുമെന്നാണ് ഷാജിയുടെ അഭിപ്രായം. 2016ലെ തെരഞ്ഞെടുപ്പിൽ 2287 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ഷാജി ജയിച്ച് നിയമസഭയിെലത്തിയത്. കെ.കെ. അബ്ദുൽ ജബ്ബാർ (എസ്.ഡി.പി.െഎ), രശ്മി രവി (എസ്.യു.സി.െഎ) എന്നിവരും സ്ഥാനാർഥികളായി രംഗത്തുണ്ട്.
കൂത്തുപറമ്പിൽ ചിത്രം പ്രവചനാതീതമാണ്. ചുവന്ന മണ്ണെന്നു ഖ്യാതി കേട്ട കൂത്തുപറമ്പ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിംലീഗിലെ പൊട്ടങ്കണ്ടി അബ്ദുല്ലയുടെ സ്ഥാനാർഥിത്വമാണ് മണ്ഡലത്തെ കടുത്ത പോരാട്ട മണ്ഡലമാക്കിയത്. കഴിഞ്ഞതവണ ആരോഗ്യമന്ത്രി കെ.കെ. ൈശലജ ടീച്ചറോട് മത്സരിച്ചു തോറ്റ എൽ.ജെ.ഡിയിലെ മുൻ മന്ത്രി കെ.പി. മോഹനനാണ് എൽ.ഡിഎഫ് സ്ഥാനാർഥി. പി.ആർ. കുറുപ്പിെൻറ മകനായ കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുല്ലയും തമ്മിൽ അങ്കം മുറുകിയതോടെയാണ് ഫലം പ്രവചനാതീതമായത്. ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ ജില്ലയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ കൗതുകം കൂടിയാണ്. മണ്ഡലം െഎ.എൻ.എല്ലിന് വിട്ടു കൊടുത്ത 2011ൽ എൽ.ഡി.എഫ് ഇവിടെ പരാജയം അനുഭവിച്ച ചരിത്രമുണ്ട്. അന്ന് യു.ഡി.എഫിലുണ്ടായിരുന്ന കെ.പി. മോഹനനാണ് വിജയിച്ചത്. കഴിഞ്ഞ തവണ സി.പി.എം കെ.കെ. ശൈലജ ടീച്ചറെ ഇറക്കിയപ്പോൾ മണ്ഡലം പഴയ ചുവപ്പിെൻറ പക്ഷത്തേക്ക് തിരിച്ചുവന്നു. എൽ.ഡി.എഫ് സ്ഥാനാർഥി ഇല്ലാതെ വന്നാൽ യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുന്ന പഴയ പാരമ്പര്യത്തിന് ഒപ്പമാകുമോ മണ്ഡലത്തിലെ ജനങ്ങളെന്ന ചോദ്യത്തിന് ഉത്തരം കണ്ടറിയണം. സി. സദാനന്ദൻ മാസ്റ്ററാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.
കഴിഞ്ഞ രണ്ടു നിയമസഭ തെരെഞ്ഞടുപ്പിലും യു.ഡി.എഫ് ജയിച്ചുകയറിയ പേരാവൂരിൽ ഇക്കുറി കടുത്ത മത്സരമാണ്. യു.ഡി.എഫിലെ സിറ്റിങ് എം.എൽ.എയായ സണ്ണി ജോസഫിനെതിരെ യുവനേതാവായ കെ.വി. സക്കീർ ഹുസൈനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിലെ അടിയൊഴുക്കുകളും പാർട്ടിക്കുള്ളിലെ ഗ്രൂപ് പോരുമാണ് യു.ഡി.എഫ് സ്ഥാനാർഥിക്ക് പ്രതികൂല ഘടകം. അടുക്കും ചിട്ടയുമുള്ള പ്രചാരണ പ്രവർത്തനമാണ് മണ്ഡലത്തിൽ എൽ.ഡി.എഫ് ആദ്യഘട്ടത്തിലേ കാഴ്ചവെച്ചതും. ന്യൂനപക്ഷ വോട്ടുകൾ സക്കീറിന് അനുകൂലമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
ഒരു പതിറ്റാണ്ട് ഭരണത്തിലൂടെ ജനകീയ എം.എൽ.എ എന്ന മുഖമുദ്രയാണ് സണ്ണി ജോസഫിെൻറ മുതൽക്കൂട്ട്. നാടിെൻറ നാനാ ദിക്കിലും സുപരിചിതൻ എന്നത് വോട്ടാകും എന്നതാണ് വലത് ക്യാമ്പിെൻറ കണക്കുകൂട്ടൽ. അവസാനഘട്ടത്തിൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധി പ്രചാരണത്തിനെത്തിയതും യു.ഡി.എഫ് ക്യാമ്പിൽ ആത്മവിശ്വാസം വർധിക്കാൻ കാരണമായി. 2016ലെ തെരഞ്ഞെടുപ്പിൽ 9129 വോട്ടിെൻറ ഭരിപക്ഷത്തിനാണ് സണ്ണി ജോസഫ് രണ്ടാം തവണയും മണ്ഡലത്തിൽ ജയിച്ചുകയറുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായി സ്മിത ജയമോഹനും മത്സരരംഗത്തുണ്ട്. എസ്.ഡി.പി.െഎ സ്ഥാനാർഥിയായി എ.സി. ജലാലുദ്ദീനും പോർക്കളത്തിലുണ്ട്.
ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിൽ അല്ലാതെ കല്യാശ്ശേരി മണ്ഡലത്തിൽ എൽ.ഡി.എഫിന് മറിച്ചൊരു ചിന്തയില്ല. നായനാരുടെ മണ്ണായ കല്യാശ്ശേരിക്ക് എന്നും ചുവപ്പു ചന്തമാണ്. കഴിഞ്ഞതവണ ടി.വി. രാജേഷ് 42,891 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്ന് ജയിച്ചുകയറിയത്. 2011ൽ രാജേഷിെൻറ ഭൂരിപക്ഷം 29,946 ആയിരുന്നു. എസ്.എഫ്.െഎയിലൂടെ വളർന്നുവന്ന എം.വിജിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ അഡ്വ. ബ്രിേജഷ് കുമാറാണ് യു.ഡി.എഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്. എൻ.ഡി.എയിൽ ബി.ജെ.പി സ്ഥാനാർഥിയായ അരുൺ കൈതപ്രവും മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്നുണ്ട്. ഫൈസൽ മാടായി (വെൽെഫയർ പാർട്ടി) മത്സരരംഗത്തുണ്ട്.
യു.ഡി.എഫിെൻറ കുത്തക മണ്ഡലമായിരുന്ന ഇരിക്കൂറിൽ ഇത്തവണ മത്സരത്തിെൻറ സാഹചര്യമുണ്ട്. തുടക്കംമുതൽ പ്രചാരണത്തിൽ എൽ.ഡി.എഫായിരുന്നു മുന്നിൽ. സ്ഥാനാർഥി നിർണയവേളയിൽ ഉടലെടുത്ത പ്രശ്നങ്ങളെ തുടർന്ന് എ ഗ്രൂപ്പിലെ ഒരുവിഭാഗം ദിവസങ്ങളോളം പ്രചാരണത്തിൽനിന്ന് മാറിനിന്നത് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി. 39 വർഷമായി കെ.സി. ജോസഫാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നത്. ഇത്തവണ ജോസഫ് മത്സരരംഗത്തുനിന്ന് മാറിയതോടെ ഇരിക്കൂർ കോൺഗ്രസിന് തലവേദനയായി. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലേക്ക് ചേക്കേറിയതോടെ മണ്ഡലത്തിൽ ഇടതുപക്ഷവും പ്രതീക്ഷവെക്കാൻ തുടങ്ങി. കെ.സി. വേണുഗോപാൽ പക്ഷത്തെ സജീവ് ജോസഫിന് സീറ്റുകൊടുത്തത് കോൺഗ്രസിനുള്ളിലെ പോര് തെരുവിലെത്തിച്ചു. ഉമ്മൻ ചാണ്ടി ഇടപെട്ട ശേഷമാണ് ഗ്രൂപ് പോരിന് അറുതിയായത്. കഴിഞ്ഞദിവസം രാഹുൽഗാന്ധിയുടെ വരവോടെ യു.ഡി.എഫ് ക്യാമ്പിനുള്ളിൽ ഉണർവായിട്ടുണ്ട്. ഗ്രൂപ്പുപോരുകൾ മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ച് മണ്ഡലത്തെ കൂടെനിർത്താനാകുമെന്നാണ് യു.ഡി.എഫിെൻറ വിശ്വാസം. കേരള കോൺഗ്രസിലെ സജി കുറ്റിയാനിമറ്റം മത്സരരംഗത്തുള്ളതിനാൽ ക്രൈസ്തവ സഭകളുടെ വോട്ടുകളുടെ ഒരു പങ്കും എൽ.ഡി.എഫിനു ലഭിക്കും. 2016ല് 9,647 വോട്ടുകള്ക്കായിരുന്നു കെ.സി. ജോസഫിെൻറ വിജയം. ആനിയമ്മ രാജേന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർഥി.
എൽ.ഡി.എഫിെൻറ ഉറച്ചമണ്ഡലമായ തളിപ്പറമ്പിൽ ഭൂരിപക്ഷം കൂട്ടാനാണ് ഇടതുപ്രവർത്തകരുടെ ശ്രമം. ഇടതുഭരണം തുടരുകയാണെങ്കിൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ ഗോവിന്ദൻ മാസ്റ്റർ മണ്ഡലത്തിൽനിന്നുള്ള ആദ്യ മന്ത്രിയാകുമെന്നതും എൽ.ഡി.എഫിെൻറ മുൻതൂക്കം വർധിപ്പിക്കുന്നു. മന്ത്രിസഭയിൽ ഇ.പി. ജയരാജൻ വഹിച്ച സ്ഥാനമായിരിക്കും ഗോവിന്ദൻ മാസ്റ്റർക്ക് ലഭിക്കുക. പത്തുവർഷത്തിന് ശേഷം മണ്ഡലം കോൺഗ്രസിന് തിരികെ ലഭിച്ചതിെൻറ ആവേശത്തിലാണ് പ്രവർത്തകർ. നേരത്തേ യു.ഡി.എഫിനൊപ്പമായിരുന്ന കേരള കോൺഗ്രസ് എമ്മായിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. വർഷങ്ങൾക്കുശേഷം നാട്ടുകാരനും ജില്ലയിലെ യുവ നേതാവുമായ അബ്ദുൽ റഷീദിനെ സ്ഥാനാർഥിയായി ലഭിച്ചതിെൻറ ഉത്സാഹവും യു.ഡി.എഫിനുണ്ട്. മണ്ഡല രൂപവത്കരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഒരിക്കൽ മാത്രമാണ് ഇവിടെനിന്ന് യു.ഡി.എഫ് ജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കെ. സുധാകരൻ 725 വോട്ടിെൻറ ഭൂരിപക്ഷം നേടിയത് യു.ഡി.എഫിന് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. എ.പി. ഗംഗാധരനാണ് എൻ.ഡി.എ സ്ഥാനാർഥി.
ഇടതിെൻറ ഉരുക്കുകോട്ടയായ പയ്യന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനനെ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ട പ്രവർത്തനത്തിലാണ് പ്രവർത്തകർ. ഇടതുപക്ഷ പ്രതിനിധികളെ മാത്രം നിയമസഭയിലേക്ക് പറഞ്ഞയച്ച ചരിത്രമാണ് പയ്യന്നൂരിന്. ഇ.പി. ജയരാജെൻറയും പി. ജയരാജെൻറയും പേരുകൾ കേട്ടശേഷമാണ് ഇടതുപക്ഷ സ്ഥാനാർഥിയായി മധുസൂദനൻ എത്തുന്നത്. പി. ജയരാജന് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന സീറ്റായതിനാൽ പി.ജെ ആർമിയുടെ എതിർപ്പ് ബാലറ്റിൽ പ്രതിഫലിക്കുമോയെന്ന സംശയം സി.പി.എമ്മിനുണ്ട്. എന്നാൽ, മണ്ഡലത്തിൽ രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ ഏറെ ബന്ധങ്ങളുള്ള മധുസൂദനൻ പ്രചാരണത്തിൽ ഏറെ മുന്നിലാണ്. 30000ത്തിനും 40000ത്തിനും ഇടയിൽ ഭൂരിപക്ഷം നൽകിയാണ് എന്നും പയ്യന്നൂർ ഇടതുസ്ഥാനാർഥികളെ സ്വീകരിച്ചിരുന്നത്. യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ എം. പ്രദീപ് കുമാറിെൻറ പ്രചാരണം മോശമല്ലെങ്കിലും ഇടതുവേരോട്ടമുള്ള മണ്ഡലത്തിൽ വലിയ തരത്തിലുള്ള ജനപിന്തുണ ലഭിക്കാൻ സാധ്യതയില്ല. കെ.കെ. ശ്രീധരനാണ് എൻ.ഡി.എ സ്ഥാനാർഥി.
സി.പി.എമ്മിെൻറ ഉറച്ച മണ്ഡലമായ തലശ്ശേരിയിൽ ഇക്കുറി ശ്രദ്ധേയമായ മത്സരമാണ്. എൻ.ഡി.എ സ്ഥാനാർഥിയുടെ പത്രിക തള്ളിയതാണ് മത്സരം സങ്കീർണമാക്കിയത്. എൻ.ഡി.എക്ക് ശക്തമായ വേരുകളുള്ള മണ്ഡലത്തിൽ സ്ഥാനാർഥിയില്ലെന്നത് യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളെ ഒരുപോലെ ആശങ്കയിലാക്കുന്നു. എൻ.ഡി.എ -യു.ഡി.എഫ് ബന്ധം എൽ.ഡി.എഫും എൻ.ഡി.എ -എൽ.ഡി.എഫ് ഡീൽ യു.ഡി.എഫും ആരോപിക്കുേമ്പാഴും ബി.ജെ.പി വോട്ടുകൾ എങ്ങോട്ടുപോകുമെന്ന് വൈകിയ വേളയിലും വ്യക്തമല്ല. സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ എൻ.ഡി.എ പിന്തുണ നിരാകരിച്ചതിനുശേഷം വോട്ട് ആർക്കെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞതവണ അഡ്വ.എ.എൻ. ഷംസീർ നേടിയ 34,117 വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി.എഫ് സ്ഥാനാർഥി എം.പി. അരവിന്ദാക്ഷന് മറികടക്കാനാകുമോയെന്നതാണ് ചോദ്യം. കഴിഞ്ഞതവണ ബി.ജെ.പി നേടിയ 22,125 വോട്ടുകളിൽ 15,000 മുതൽ 20,000 വരെ വോട്ടുകൾ കൈ ചിഹ്നത്തിൽ പതിയുകയും ഷംസീറിെൻറ പ്രവർത്തനശൈലിയിൽ പാർട്ടിക്കുള്ളിലെ എതിർപ്പും മറ്റും സി.പി.എം വോട്ട് ചോർത്തുകയും ചെയ്താൽ തലശ്ശേരിയുടെ ചിത്രം മാറിയേക്കാം. ഇൗ സാഹചര്യത്തിലും എ.എൻ. ഷംസീർ വിജയിക്കുകയാണെങ്കിൽ ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവുണ്ടാകും. വെൽഫെയർ പാർട്ടിയുടെ ഷംസീർ ഇബ്രാഹിമും മത്സരരംഗത്തുണ്ട്. രണ്ടു സ്വതന്ത്ര സ്ഥാനാർഥികളും രംഗത്തുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയെൻറ ധർമടത്ത് മത്സരം നാട്ടുകാർ തമ്മിൽ. ശക്തനായ സ്ഥാനാർഥിയെ തേടി ഒടുവിൽ നിയോഗിക്കപ്പെട്ട ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥും ധർമടം മണ്ഡലത്തിൽ പെട്ടയാൾ തന്നെ. ഇവിടെ മത്സരം പേരിന് മാത്രം. ഭൂരിപക്ഷം മാത്രമാണ് വിഷയം.
പ്രചാരണരംഗത്ത് എൽ.ഡി.എഫ് ഏറെ മുന്നേറിക്കഴിഞ്ഞിരുന്നു. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് യു.ഡി.എഫ് ഉണർന്നതെങ്കിലും പ്രചാരണം അവസാനിക്കുേമ്പാഴേക്കും ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡൻറുമായ സി.കെ. പത്മനാഭനിലൂടെ എൻ.ഡി.എ മണ്ഡലത്തിലെ പരമാവധി വോട്ടുകൾ താമര ചിഹ്നത്തിൽ തന്നെ വീഴ്ത്താനുള്ള ശ്രമമാണ് നടത്തുന്നത്. ധർമടത്തെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം വാളയാർ ഭാഗ്യവതിയുടെ സ്ഥാനാർഥിത്വമാണ്. രണ്ടു പിഞ്ചു മക്കളുടെ മരണവുമായി ബന്ധപ്പെട്ട് നീതി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഭാഗ്യവതി വാളയാറിൽനിന്ന് ധർമടത്തെത്തി മത്സരിക്കുന്നത്.
ഇത് എൽ.ഡി.എഫിന് അത്രയൊന്നും സുഖകരമല്ലാത്ത ചില ചർച്ചകൾക്ക് മണ്ഡലത്തെ വേദിയാക്കിയിട്ടുണ്ട്. മൂന്നു സ്വതന്ത്ര സ്ഥാനാർഥികൾക്കുപുറമെ ബഷീർ കണ്ണാടിപ്പറമ്പ് (എസ്.ഡി.പി.െഎ)യും മത്സരരംഗത്തുണ്ട്.
മട്ടന്നൂർ മണ്ഡലത്തിൽനിന്ന് കഴിഞ്ഞതവണ 43,381 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മന്ത്രി ഇ.പി. ജയരാജനെ തെരഞ്ഞെടുത്തയച്ചത്. ഇത്തവണ നാട്ടുകാരിയായ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് മട്ടന്നൂരിൽ ജനവിധി തേടുന്നത്. നേരത്തേ കോൺഗ്രസ് മത്സരിക്കാൻ തീരുമാനിച്ച മണ്ഡലം അവസാന നിമിഷമാണ് ആർ.എസ്.പിക്ക് നൽകിയത്.
ആർ.എസ്.പിയിലെ ഇല്ലിക്കൽ അഗസ്തിയാണ് ശൈലജ ടീച്ചറുടെ എതിരാളി. യു.ഡി.എഫിന് മണ്ഡലത്തിെൻറ അടിത്തട്ടിൽ ഇനിയും ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ആരോഗ്യമന്ത്രിയെന്ന നിലക്കുള്ള പ്രകടനത്തിെൻറ തിളക്കത്തിൽ നിൽക്കുന്ന ശൈലജ ടീച്ചർക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. അത് അസ്ഥാനത്തല്ല താനും.
ബിജു ഏളക്കുഴിയാണ് ബി.ജെ.പി സ്ഥാനാർഥി. നാട്ടുകാരനായ ബിജു ഏളക്കുഴിയുടെ സ്വന്തം മണ്ഡലത്തിലെ ഹാട്രിക് മത്സരമാണിത്. എസ്.ഡി.പി.െഎ സ്ഥാനാർഥിയായി റഫീക്ക് കീച്ചേരിയും മത്സരിക്കുന്നുണ്ട്. ഇല്ലിക്കൽ അഗസ്തിക്ക് അപരനായ എൻ.എ. അഗസ്തി സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.