കേളകം: ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും തുടർക്കഥയാവുന്ന കാട്ടാനശല്യം ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതക്കുമ്പോൾ ഇവയെ അതിർത്തി കടത്തുന്നതിൽ വിയർക്കുകയാണ് വനംവകുപ്പ് അധികൃതർ. ബലക്ഷയമുള്ള ആനമതില്‍ തകര്‍ത്ത് വനത്തില്‍നിന്ന് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ പ്രവേശിക്കുകയാണ് കാട്ടാനക്കൂട്ടം. ഫാമിനകത്ത് കനത്ത നാശമാണ് വരുത്തുന്നത്. പക്ഷേ, കർഷകർക്ക് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരംപോലും ലഭിക്കുന്നില്ല. അഞ്ചു വർഷത്തിനിടെ 19 കോടി രൂപയുടെ നഷ്ടമാണ് ഫാമിനുണ്ടായത്. വനം വകുപ്പ് നൽകിയ നഷ്ടപരിഹാരം നാമംമാത്രം.
ഫാം അധീനതയിലുള്ള കൃഷിസ്ഥലത്ത് താവളമാക്കിയ ആനക്കൂട്ടത്തെ ഭയന്ന് ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ആറളത്തെ കാർഷിക തൊഴിലാളികൾ.
ആനക്കൂട്ടത്തെ ഫാമിന്റെ അധീനതയിലുള്ള മേഖലയില്‍നിന്ന് വനത്തിലേക്ക് തുരത്താനുള്ള നടപടികൾ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഫാം അധികൃതർ കുറ്റപ്പെടുത്തുന്നു. ഫാം അതിർത്തികളിൽ സുരക്ഷാമതിൽ തീർക്കാതെ തീരില്ല ആറളത്തെ കാട്ടാന ഭരണം.
ഫാമിനകത്തുണ്ടായിരുന്ന നാൽപതോളം ആനകളെ ആറളം വനത്തിലേക്ക് തുരത്താനാവാതെ വിയർക്കുകയാണ് വനം വകുപ്പ്.
തുരത്തിയാലും ഇവ മത്സരിച്ച് മടങ്ങിയെത്തുകയാണ് ആറളത്തെ വിളനിലം തരിശാക്കാൻ. അപകടകാരിയായ മോഴയാനയും ഒരു കൊമ്പനാനയുമാണ് തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നത്. പടക്കംപൊട്ടിച്ച് തുരത്തുന്നവര്ക്കുനേരെ പാഞ്ഞടുക്കുകയാണിവ. ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും സംരക്ഷിക്കാൻ ആറളം ഫാം അതിർത്തിയിൽ മുമ്പ് പ്രഖ്യാപനം നടത്തി ചുവപ്പുനാടയിൽപെട്ട 22 കോടി രൂപയുടെ ആനമതിൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം.
അല്ലാത്തപക്ഷം ആറളത്ത് നിലവിലുള്ള കാട്ടാനകളുടെ കൊലപ്പട്ടികയുടെ എണ്ണം 13ൽനിന്ന് കുതിക്കുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.