തളിപ്പറമ്പ്: യുവതിയെ ആക്രമിച്ച് പരിക്കേൽപിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കൊട്ടാരക്കര എടക്കര സ്വദേശി റെനി ചാര്ലനെയാണ് (27) തളിപ്പറമ്പ് സി.ഐ വി. ജയകുമാറിെൻറ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി സാഹസികമായി പിടികൂടിയത്. കൊല്ലം ജില്ലയില്‍ നിരവധി കേസുകളുള്ള പ്രതിക്ക് മറ്റു സ്റ്റേഷന് പരിധികളില്‍ കൂടുതല്‍ കേസുകളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
ഈമാസം 13നാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് ജനസേവനകേന്ദ്രത്തിലെ ജീവനക്കാരിയായ യുവതി, ജോലി കഴിഞ്ഞ് കരിമ്പം ഫാം സ്റ്റോപ്പില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുമ്പോഴാണ് ആക്രമണത്തിനിരയായത്. മാല പൊട്ടിക്കാൻ ശ്രമിക്കുകയും കഴിയാത്തതിനാൽ റോഡിലേക്ക് തള്ളിയിട്ട് പണവും മൊബൈൽ ഫോണുമായി കടന്നുകളയുകയുമായിരുന്നു. റോഡിലൂടെ 10 മീറ്ററോളം ദൂരം വലിച്ചിഴച്ചതിനാൽ തലക്കും കാലിനും പരിക്കേറ്റ യുവതിയെ നാട്ടുകാരനാണ് ആശുപത്രിയിലെത്തിച്ചത്.
ബസിറങ്ങി നടന്നുവരുമ്പോള്‍ റോഡിൽ ഇയാള്‍ സ്കൂട്ടറുമായി നില്‍ക്കുന്നത് കണ്ടതായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്കാണ് പ്രതി രക്ഷപ്പെട്ടതെന്ന് മനസ്സിലായി.
രണ്ടു വർഷത്തോളമായി ഏരുവേശ്ശിയിൽ താമസിച്ച് ടാപ്പിങ് ജോലി നടത്തിവരുകയായിരുന്നു ഇയാൾ. മോഷണം പോയ ഫോണുമായി ബന്ധപ്പെട്ട് സൈബര്സെല്ലിെൻറ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ബുധനാഴ്ച രാത്രി ഇയാൾ കൊയ്യത്ത് എത്തിയതായ സൂചനയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പ്രതി ൈകയിലുണ്ടായിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. എസ്.ഐമാരായ വി.എം. സുനില്‍കുമാര്‍, പുരുഷോത്തമൻ, സൈബർ സെൽ ചുമതലയുള്ള സി.പി.ഒമാരായ ശ്രീകാന്ത്, സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.