മട്ടന്നൂര്‍: തലശ്ശേരി റോഡില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന കനാല്‍ റോഡിന്റെ അരികിടിഞ്ഞ് അപകട ഭീഷണിയില്‍. ഇവിടെ അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും മഴ തുടങ്ങിയതിന് ശേഷം പ്രവൃത്തി നടത്തിയിട്ടില്ല.
സ്കൂള്‍ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ അപകടഭീഷണി നിലനില്‍ക്കുകയാണ്. രണ്ടു മാസം മുമ്പാണ് മട്ടന്നൂരില്‍ തകർന്ന കനാല്‍ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയത്. കല്ലൂരിലും തലശ്ശേരി റോഡിലെ കനാലിലുമാണ് പ്രവൃത്തി നടത്തിവന്നത്. 60 മീറ്റര്‍ നീളത്തില്‍ സുരക്ഷാഭിത്തി നിര്‍മിച്ചാണ് പണി നടത്തേണ്ടത്. 92 ലക്ഷം ചെലവഴിച്ചാണ് കാര ഭാഗത്തേക്ക് പോകുന്ന റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വരെ കാലാവധിയുണ്ടെങ്കിലും മഴക്ക് മുമ്പായി തീര്‍ക്കാൻ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ദിവസങ്ങളായി ഇവിടെ പണിയൊന്നും നടക്കുന്നില്ല.
വിമാനത്താവളത്തില്‍ എളുപ്പത്തില്‍ എത്താന്‍ നിരവധി വാഹനങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് അരികിടിഞ്ഞ് അപകടാവസ്ഥയിലായത്. കാടുമൂടിയ സ്ഥലത്തായതിനാല്‍ അറിയാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. പ്രവൃത്തി നടക്കുന്നുവെന്ന അറിയിപ്പല്ലാതെ അപകട സൂചന നല്കുന്ന ബോര്‍ഡുകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല.
കൂടുതല്‍ മണ്ണിടിയുന്നത് തടയാന്‍ ആദ്യം സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റിടുകയായിരുന്നു. അപകടസാധ്യത മുന്നില്‍ക്കണ്ടാണ് ജലസേചനവകുപ്പിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണി തുടങ്ങിയത്.നാലു വര്‍ഷം മുമ്പ് കാരയില്‍ പ്രളയമഴയില്‍ റോഡും കനാലും നെടുകെപ്പിളര്ന്ന് ഒഴുകിപ്പോയിരുന്നു. അഞ്ചു കോടി രൂപ ചെലവഴിച്ചാണ് റോഡും കനാലും പുതുക്കിപ്പണിതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.