കണ്ണൂർ: ജലസാഹസിക-ഭക്ഷ്യ ടൂറിസം സൗകര്യങ്ങളൊരുക്കി പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. വളപട്ടണം പുഴയുടെ തീരത്ത് ടൂറിസം വകുപ്പ് നടപ്പാക്കിയ പദ്ധതി സെപ്റ്റംബർ ഒമ്പതിന് രാവിലെ 10ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി. സുമേഷ് എം.എൽ.എ, കലക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജലസാഹസിക ടൂറിസത്തിന് പ്രാമുഖ്യം നൽകിയാണ് നാറാത്ത് പഞ്ചായത്തിൽ 4.01 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാക്കിയത്. പുഴയിൽ സ്ഥാപിച്ച ഭക്ഷണശാലകളാണ് പ്രധാന ആകർഷണം. നാല് ഭക്ഷ്യ വിൽപന സ്റ്റാളുകൾ നിർമിച്ചിട്ടുണ്ട്. പ്രാദേശിക ഭക്ഷണ വിഭവങ്ങൾ അടക്കമുള്ള മലബാറിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യ വിപണന കേന്ദ്രങ്ങളായി നാല് കിയോസ്കുകളും ആധുനിക റസ്റ്റാറന്റും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. 25 പേർക്ക് ഇരിക്കാവുന്ന എട്ടു മേശകൾ സജ്ജീകരിക്കാൻ സാധിക്കുന്നതാണ് ഫ്ലോട്ടിങ് ഡൈനിങ് യൂനിറ്റ്. ഒരു സിംഗിൾ യൂനിറ്റ്, നാലുപേർക്ക് ഇരിക്കാവുന്ന ആറ് സിംഗിൾ യൂനിറ്റുകൾ എന്നിവ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികൾക്ക് ബോട്ടുകൾ, നാടൻ വളളം, കയാക്കിങ് സംവിധാനം എന്നിവ വഴി പുഴയുടെ സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്ത് േഫ്ലാട്ടിങ് ഡൈനിങ്ങിൽ എത്താൻ സാധിക്കും. നടപ്പാതയും ഇരിപ്പിടങ്ങളും നടപ്പാതയുടെ ഭാഗമായി പുഴയുടെ മനോഹാരിത വീക്ഷിക്കുന്ന തരത്തിൽ രണ്ട് ഡെക്കുകളും ഒരുക്കി. ബോട്ടിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഡോക്ക് ഏരിയയും നിർമിച്ചിട്ടുണ്ട്. ബോട്ട് ജെട്ടി മാതൃകയിൽ ബോട്ടുകൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഡോക്ക് സംവിധാനം. മനോഹരമായ ലാൻഡ്സ്കേപിങ്, ഗാർഡനിങ്, വൈദ്യുതി വിതരണം എന്നീ സംവിധാനങ്ങൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. കെൽ ആണ് പദ്ധതി നിർവഹണം നടത്തിയത്. പദ്ധതി നടത്തിപ്പിനായി പഞ്ചായത്തും ടൂറിസം വകുപ്പും ചേർന്ന് ഉടൻ ടെൻഡർ വിളിച്ച് ഏജൻസിയെ കണ്ടെത്തും. വാർത്തസമ്മേളനത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രമേശൻ, ടൂറിസം വകുപ്പ് ജോയൻറ് ഡയറക്ടർ ടി.ജി. അഭിലാഷ്, ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ് എന്നിവർ പങ്കെടുത്തു.
കണ്ടൽക്കാടുകളാലും പച്ചത്തുരുത്തുകളാലും സമൃദ്ധമാണ് പുല്ലൂപ്പിക്കടവ്. ദേശാടനപ്പക്ഷികൾ ചേക്കേറുന്ന പക്ഷി സങ്കേതവും മത്സ്യസമ്പത്തിനാലും വേറിട്ടു നിൽക്കുന്ന മേഖല കൂടിയാണ്. ഇപ്പോൾ തന്നെ ഒഴിവുദിനങ്ങളിലും ആഘോഷവേളകളിലും ഒട്ടേറെ പേരാണ് പുല്ലൂപ്പിക്കടവ് പാലത്തിന് ഇരുവശവും തടിച്ചുകൂടുന്നത്. തൊട്ടടുത്തുള്ള അഗസ്ത്യ മുനി ക്ഷേത്രവും സഞ്ചാരികളെ ആകർഷിക്കും. പദ്ധതി പ്രദേശത്തെ മുഴുവൻ വിഭവശേഷിയും ഉൾപ്പെടുത്തിയുള്ള അത്യാധുനിക ടൂറിസം പദ്ധതിക്കാണ് പുല്ലൂപ്പിക്കടവ് സാക്ഷിയാവുന്നത്. പുഴയും പ്രകൃതിയും ആസ്വദിക്കാൻ പാകത്തിൽ പുഴയോരത്ത് നടപ്പാതയും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.