ബേഡകം: മകെൻറ അടിയേറ്റ് കൈയൊടിഞ്ഞു ചികിത്സയിലായിരുന്ന പിതാവ് ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മകെൻറ ഭാര്യയെയും പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോൽ പടുപ്പ് വില്ലാരംവയലിലെ സന്തോഷിെൻറ ഭാര്യ പി.ജെ. ആഷയെയാണ് (29) ബുധനാഴ്ച ബേഡകം പൊലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിെൻറ നിർദേശപ്രകാരം എസ്.ഐ രാമചന്ദ്രൻ, പൊലീസുകാരായ പ്രദീപ് കുമാർ, രമ്യ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. മകൻ സന്തോഷ് ഭാര്യയോടൊപ്പം വീട്ടിൽ വന്ന് പിതാവ് 69 വയസ്സുള്ള ലക്ഷ്മണയെ അടിച്ച് കൈയൊടിച്ചുവെന്ന് മാതാവ് ലളിത നൽകിയ പരാതിയിൽ ബേഡകം പൊലീസ് മകൻ സന്തോഷിനും ഭാര്യ ആഷക്കുമെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തിരുന്നു.
സംഭവത്തിന് ശേഷം കർണാടകയിൽ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ട ലക്ഷ്മണ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ മകൻ ജെ.സി.ബി സന്തോഷ് എന്ന വി.എ. സന്തോഷിനെ (36) കഴിഞ്ഞയാഴ്ച മാണിമൂലയിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ റിമാൻഡിലാണ്. മണ്ണുമാന്തി യന്ത്രത്തിെൻറ ഡ്രൈവറായ പ്രതി സന്തോഷ് വിവാഹശേഷം, സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്ന് വീട്ടുകാരുമായി വഴക്കിട്ട് മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഭാര്യ ആഷയോടൊപ്പം വില്ലാരം വയലിലെ വീട്ടിലെത്തി മദ്യലഹരിയിൽ വടികൊണ്ട് പിതാവിനെ തല്ലി കൈയൊടിച്ചത്.
കൈക്ക് ഗുരുതരമായി പരിക്കുപറ്റി കർണാടക സുള്ള്യയിലെ കെ.വി.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പിതാവ് ലക്ഷ്മണ കൂടെയുണ്ടായിരുന്ന മരുമകൻ നാരായണൻ രാത്രി ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോൾ ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതിയായ ആഷയെയും പ്രായപൂർത്തിയാകാത്ത മൂന്നു പെൺമക്കളെയും ബേഡകം പൊലീസ് ആദ്യം പടന്നക്കാട് സ്നേഹാലയത്തിൽ എത്തിച്ചിരുന്നു. ആഷയുടെ കർണാടകയിലുള്ള ബന്ധുക്കളെത്തി മൂന്ന് പെൺകുട്ടികളെയും ഏറ്റെടുത്ത ശേഷമാണ് സന്തോഷിെൻറ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആഷയെ വൈദ്യപരിശോധനക്കുശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ബേഡകം സി.ഐ ടി. ഉത്തംദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.