കാസർകോട്: കണ്ണൂരിൽ നിന്ന് മംഗലാപുരം വഴി ബംഗളൂരുവിലേക്കുള്ള എക്സ്പ്രസ് തിങ്കളാഴ്ച മുതൽ ഓട്ടം പുനരാരംഭിക്കുന്നു. ഉത്തര മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി മംഗലാപുരം വഴിയുള്ള കണ്ണൂർ -ബംഗളൂരു എക്സ്പ്രസ് ഒട്ടേറെ കൂടുതൽ സൗകര്യത്തോടെയാണ് സർവിസ് പുനഃസ്ഥാപിക്കുന്നത്.
നേരത്തേ ഈ വണ്ടി ആഴ്ചയിൽ മൂന്നു ദിവസം 78 കി.മീറ്റർ അധിക ദൂരമുള്ള മൈസൂർ വഴിയായിരുന്നു. എന്നാൽ ഇപ്പോൾ ആഴ്ചയിൽ എല്ലാ ദിവസവും കുറഞ്ഞ ദൂരമുള്ള കുനിഗാൽ/ശ്രാവണ ബളഗോള വഴിയാക്കിയിട്ടുണ്ട്. മാത്രമല്ല, മംഗലാപുരത്ത് രണ്ടു മണിക്കൂർ പിടിച്ചിടുന്നത് ഒഴിവാക്കിയിട്ടുമുണ്ട്. ഈ വണ്ടി കാർവാറിൽ നിന്ന് വരുന്ന വണ്ടിയുമായി കൂട്ടിക്കെട്ടിയായിരുന്നു നേരത്തേ മംഗലാപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോയിരുന്നതെങ്കിൽ ഇപ്പോൾ കാർവാർ വണ്ടി സ്വതന്ത്രമായി വേറെത്തന്നെ ഓടിത്തുടങ്ങിയിട്ടുണ്ട്.
യാത്രക്കാർക്കിപ്പോൾ ഇതുമൂലം സമയലാഭമുണ്ട്. മുഴുവൻ ദൂരം ഓടിയെത്താൻ 15 മണിക്കൂർ എടുത്തിരുന്ന കണ്ണൂർ -ബംഗളൂരു വണ്ടി പുതിയ സമയ ക്രമപ്രകാരം പതിമൂന്ന് മണിക്കൂറിൽ എത്തിച്ചേരും. നിലവിൽ കോയമ്പത്തൂർ വഴിയുളള കണ്ണൂർ -യശ്വന്ത്പുർ എക്സ്പ്രസിനെക്കാൾ അരമണിക്കൂർ കുറഞ്ഞ സമയംകൊണ്ട് ഈ വണ്ടി കണ്ണൂരിൽനിന്ന് ബംഗളൂരുവിലെത്തും. മാത്രവുമല്ല, മെജസ്റ്റിക്കിൽ ട്രാഫിക് തിരക്ക് കൂടുന്നതിന് മുമ്പേ എത്തിച്ചേരാനും പറ്റും.
പുതിയ സമയക്രമം:
കണ്ണൂർ -16.50, പയ്യന്നൂർ -17.15, നീലേശ്വരം -17.35, കാഞ്ഞങ്ങാട് -17.45, കാസർകോട് -18.05, മംഗലാപുരം സെൻട്രൽ -20.00 , ബംഗളൂരു -06.50.
തിരിച്ചുളള വണ്ടി ഞായർ മുതൽ തന്നെ ഓടിത്തുടങ്ങിയിട്ടുണ്ട്.
സമയക്രമം ഇങ്ങനെ:
ബംഗളൂരു -21.30, മംഗലാപുരം സെൻട്രൽ -08.15, കാസർകോട് -09.00, കാഞ്ഞങ്ങാട് -09.20, നീലേശ്വരം -09.30 , പയ്യന്നൂർ -09.50, കണ്ണൂർ -10.55
കുമ്പള റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ഇത് സംബന്ധമായി സൗത്ത് വെസ്റ്റേൺ റെയിൽവേക്ക് നിവേദനം നൽകിയിരുന്നു. യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് റൂട്ടിലും സമയക്രമത്തിലും മാറ്റം വരുത്തി വണ്ടി പുനരാരംഭിക്കാൻ നടപടിയെടുത്ത റെയിൽവേ അധികൃതരെ അസോസിയേഷൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.