ബദിയടുക്ക: ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ ബെളിഞ്ച എ.എൽ.പി സ്കൂളിന്റെ ഒരു ഭാഗം തകർന്നു. അവധിദിവസമായതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്. മതിയായ കെട്ടുറപ്പില്ലാത്തതാണ് തകരാൻ കാരണമെന്നാണ് ആക്ഷേപം. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഒരുഭാഗത്ത് മാത്രമാണ് കാറ്റ് വീശിയതെന്ന് പരിസരവാസികൾ പറഞ്ഞു.
കാറ്റിൽ മരങ്ങൾ കടപുഴകി പ്രദേശത്തെ വീടുകൾക്കടക്കം അപകടമുണ്ടായിട്ടുണ്ട്. അപകടത്തിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗവും മുൻവശത്ത് കെട്ടിയ ഷീറ്റുമാണ് തകർന്നത്. കാലപ്പഴക്കംചെന്ന സ്കൂളിൽ നാനൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പണികളൊന്നും കാര്യമായി ഇവിടെ നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാഭീഷണി സംബന്ധിച്ച പരിശോധന ഇനിയെങ്കിലും വേണമെന്നാണ് ആവശ്യം.
അതേസമയം, കെട്ടിടത്തിന്റെ ഫിറ്റ്നസ് പ്രശ്നമല്ലെന്നും ശക്തമായ ചുഴലിക്കാറ്റുണ്ടായിരുന്നതിനാലാണ് കേടുപാട് സംഭവിച്ചതെന്നും മാനേജ്മെന്റ് പ്രതികരിച്ചു. നല്ല മഴ പെയ്യുമ്പോഴും കലക്ടർ അവധി പ്രഖ്യാപിക്കാതിരിക്കുന്നത് ഇത്തരം സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആധിയാണുണ്ടാക്കുന്നത്.
ചെറിയ കുഞ്ഞുങ്ങളടക്കം പഠിക്കുന്ന ഇത്തരം സ്കൂളുകൾ കാലോചിതമായി നവീകരിക്കണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
സ്കൂൾ കലക്ടർ കെ. ഇമ്പശേഖർ സന്ദർശിച്ചു. വിദ്യാർഥികൾക്ക് തിങ്കളാഴ്ച അവധി നൽകാനും അടിയന്തരമായി പി.ടി.എ യോഗം ചേർന്ന് സ്കൂൾ പ്രവൃത്തി മദ്റസ കെട്ടിടത്തിലേക്ക് മാറ്റാനും അദ്ദേഹം സ്കൂൾ അധികാരികൾക്ക് നിർദേശം നൽകി.
പി.ഡബ്ല്യൂ.ഡി ബിൽഡിങ് ബദിയടുക്ക എ.ഇ ശ്രീനിത് കുമാർ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുമെന്ന് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, കുമ്പഡാജെ ഗ്രൂപ് വില്ലേജ് ഓഫിസർ എസ്. ലീല, എ.ഇ.ഒ എം. ശശിധര, ഹെഡ്മാസ്റ്റർ കെ. രവീന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.