ബദിയടുക്ക: കുറച്ചൊന്നുമല്ല മഴവെള്ളം സംഭരിച്ചത്, 80 ലക്ഷം ലിറ്ററാണ് കാർഷികാവശ്യത്തിനായി സംഭരിച്ചിരിക്കുന്നത്. ഈശ്വരഭട്ടാണ് കൃഷി ചെയ്യാനുള്ള ആഗ്രഹവുമായി ‘ഡാം’ നിർമിച്ച് മാതൃകയായത്. ബദിയടുക്ക പഞ്ചായത്തിലെ പെർഡാലയിലാണ് ഈശ്വരഭട്ട് 11 ലക്ഷം രൂപ ചെലവഴിച്ച് മഴവെള്ളം സംഭരിക്കാൻ ‘കുഞ്ഞു ഡാം’ നിർമിച്ചത്. തന്റെ ആറ് ഏക്കർ തോട്ടത്തിലേക്കുള്ള ജലം സംഭരിക്കാനാണ് ലക്ഷ്യം. ഇപ്രാവശ്യം ഇങ്ങനെ 40 ലക്ഷത്തോളം ലിറ്റർ മഴവെള്ളം സംഭരിക്കാനായതായി അദ്ദേഹം പറയുന്നു. ആകെ 80 ലക്ഷം ലിറ്റർ സംഭരിച്ചു. 1500ഓളം കവുങ്ങുകളും 200 തെങ്ങുകളും വിവിധതരം മാവുകളുമുള്ള തോട്ടത്തിലേക്ക് ആവശ്യമായ ജലം വേനൽക്കാലത്ത് ലഭിക്കാത്തതിനെ തുടർന്നാണ് ‘ഡാമെന്ന’ ആശയവുമായി രംഗത്തുവന്നത്. കഴിഞ്ഞവർഷം മഴ വേണ്ടത്ര കിട്ടാത്തതിനാൽ ‘ഡാം’ നിറഞ്ഞിരുന്നില്ല. ഇപ്രാവശ്യം ‘ഡാമിൽ’ പകുതിയിലേറെ മഴവെള്ളം സംഭരിക്കാനായി. കഠിനപ്രയത്നത്തിന്റെ ഭാഗമായാണ് ഡാം യാഥാർഥ്യമായത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും സബ്സിഡി നൽകുകയും ചെയ്തു. മഴവെള്ളം നേരിട്ടാണ് ഡാമിലേക്ക് വീഴുന്നത്.
കാർഷിക മേഖലയിൽ പരീക്ഷണത്തിനിറങ്ങിയപ്പോൾ ആദ്യമൊക്കെ നിരാശയായിരുന്നുവെങ്കിലും ഇപ്പോൾ പൂർണ ചാരിതാർഥ്യമുണ്ടെന്ന് ഈശ്വരഭട്ട് പറഞ്ഞു. ഒരു വർഷംവരെ ആവശ്യമുള്ള മഴവെള്ളം സംഭരിച്ച് കാർഷിക മേഖലയെ പരിപോഷിപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. വർഷംതോറും ദശലക്ഷക്കണക്കിന് മഴവെള്ളം കടലിലും പുഴയിലും ലയിക്കുന്നു. എന്നാൽ, വേനൽക്കാലത്ത് ശുദ്ധജലക്ഷാമം പരിഹരിക്കാൻ ഇങ്ങനെയുള്ള പദ്ധതികൾ ഗുണംചെയ്യുമെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ കർഷകന്റെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.