ബദിയടുക്ക: ബദിയടുക്കയിലെ ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിലെ സീലിങ് നിലംപൊത്തി. കെട്ടിടത്തിനകത്തുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. സംഭവസമയം രോഗികൾ ആരുമെത്തിയിരുന്നില്ല.
പഞ്ചായത്തിന്റെ കീഴിലാണ് ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഓഫിസിന്റെ മൂക്കിനുതാഴെ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറിയുടെ കെട്ടിടത്തിന്റെ അപകടഭീതി അറിഞ്ഞിട്ടും പഞ്ചായത്ത് ഭരണസമിതി ജാഗ്രതകാട്ടിയില്ലെന്നാണ് ആക്ഷേപം.
നേരത്തെ അംഗൻവാടിയായി പ്രവർത്തിച്ചിരുന്ന 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. മഴവെള്ളം അകത്തുകടക്കുന്ന ഓടിട്ട മേൽക്കൂരയുള്ള കെട്ടിടത്തിന്റെ അപകടഭീതി ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഭരണസമിതിക്ക് ഡോക്ടർമാർ കത്ത് നൽകിയതും എച്ച്.എം.സി കമ്മിറ്റിയിൽ ആവശ്യമുന്നയിച്ചതും കടലാസിൽ പൊടിതട്ടാതെ കിടന്നതായും ആരോപണമുണ്ട്.
ഡോക്ടർമാർ മാറിവരുന്നുണ്ടെങ്കിലും കെട്ടിടത്തിന് മാത്രം മാറ്റമുണ്ടായിട്ടില്ല. എല്ലാവർഷവും പഞ്ചായത്ത് ഭരണസമിതി സാമ്പത്തികവർഷത്തിൽ ഹോമിയോ കെട്ടിടത്തിനായി ഫണ്ട് നീക്കിവെച്ചതായും പറയുന്നുണ്ട്. എന്നാൽ ഇതുവരെ നിർമാണം നടന്നിട്ടില്ല. ഭയത്തോടെയാണ് ഇവിടെ ജോലി ചെയ്യുന്നതന്നും അപകടവിവരം സംബന്ധിച്ച് ഡി.എം.ഒക്ക് റിപ്പോർട്ട് നൽകിയതായും ഡോ. അഞ്ജലി എം. ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.