ചെറുവത്തൂർ: കാര്യങ്കോട് പുതിയപാലം വരുന്നു. 61 വർഷം പഴക്കമുള്ള പഴയ പാലത്തിലൂടെയുള്ള യാത്ര ഇനി ദിവസങ്ങൾ മാത്രം. നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായി നിലനിന്നിരുന്ന പാലമാണ് ഓർമയാകുന്നത്.
കാര്യങ്കോട് പുഴക്ക് കുറുകെ വരുന്ന പുതിയപാലം ജൂൺ ആദ്യവാരത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഇതോടെ പഴയപാലം പൊളിച്ചുമാറ്റുന്ന നടപടിക്കും തുടക്കമാകും. 1963 ഏപ്രിൽ 17ന് അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കർ ഉദ്ഘാടനം ചെയ്ത പാലമാണ് പൊളിച്ചുമാറ്റാൻ ഒരുങ്ങുന്നത്. കാലപ്പഴക്കത്തിന്റെ പോരായ്മകളുണ്ടെങ്കിലും ഇന്നും കെട്ടുറപ്പോടെ നിൽക്കുന്ന പാലമാണിത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച പുതിയപാലം ജൂൺ ആദ്യവാരത്തോടെ തുറന്നുകൊടുക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. 302 മീറ്റർ നീളവും 16 മീറ്റർ വീതിയുള്ള പാലമാണ് ഇപ്പോൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതോടെ പഴയപാലം പൊളിച്ചുമാറ്റും. ഇതോടൊപ്പം പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് രണ്ടാമത്തെ പാലത്തിന്റെ നിർമാണത്തിന് തുടക്കംകുറിക്കും.
പഴയപാലം പൊളിച്ചുമാറ്റുന്നതോടെ പോയകാലത്തെ ഗ്രാമ ജീവിതത്തിന്റെ അടയാളമാണ് ഇല്ലാതാവുക.
വർഷങ്ങൾക്കുമുമ്പ് പാലം ഇല്ലാതിരുന്ന സമയത്ത് കണ്ണൂരിൽനിന്ന് വരുന്ന വാഹനങ്ങൾ യാത്ര അവസാനിപ്പിച്ചിരുന്നത് കാര്യങ്കോട് പുഴയുടെ തീരത്തായിരുന്നു. തുടർന്ന് യാത്രക്കാർ ചങ്ങാടത്തിലൂടെ മറുകരയിലേക്ക് പോയി അവിടെ നിന്ന് വാഹനങ്ങളിൽ കയറി ലക്ഷ്യസ്ഥാനത്തേക്ക് എത്തുകയായിരുന്നു പതിവ്.
അക്കാലത്ത് കണ്ണൂരിൽനിന്ന് രണ്ട് ബസുകളാണ് കാര്യങ്കോട് പുഴയുടെ തീരത്തേക്ക് സർവിസ് നടത്തിയിരുന്നത്.
അശോക, ആനന്ദകൃഷ്ണൻ എന്നിവയായിരുന്നു അവ. വർഷങ്ങൾക്ക് മുമ്പ് കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ഈ പാലത്തിന്റെ താഴെ ഇറങ്ങി കയ്യൂരിലേക്ക് ബോട്ടിൽ സഞ്ചരിച്ചതും ചരിത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.