ചെറുവത്തൂർ: വടക്കുനിന്ന് ചുരുളൻവള്ളം കൊണ്ടുവന്ന് മത്സരിച്ച് തേജസ്വിനിയിൽ ജലരാജാക്കന്മാരായ കഥ ഇനി പഴങ്കഥ. ഉത്തരമലബാർ ജലോത്സവത്തിന്റെ ആരവം മുഴങ്ങുമ്പോൾ സ്വന്തമായി വാങ്ങിയ ചുരുളൻവള്ളത്തിലാണ് അച്ചാംതുരുത്തി അഴീക്കോടൻ ക്ലബ് ഇത്തവണ മത്സരിക്കുക. ഉത്തര മലബാർ ജലോത്സവത്തിലെ 25 പേർ തുഴയും മത്സരത്തിലെ ആദ്യ വിജയികളായിരുന്നു ഈ ക്ലബ്. ജലരാജപ്പട്ടം ചൂടിയത് മംഗലശ്ശേരി നവോദയയുടെ ചുരുളൻ വള്ളം വാടകക്ക് എടുത്തായിരുന്നു. അന്ന് മുതൽ ക്ലബിന്റെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു ചുരുളൻ വള്ളം എന്നത്. 10 ലക്ഷം രൂപ നൽകി സ്വന്തമായി വള്ളം വാങ്ങി ഏഴ് വർഷത്തിനുശേഷം ഇത്തവണ അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ കരുത്ത് തെളിയിക്കാനുള്ള തയാറെടുപ്പ് ആരംഭിച്ചു.
തൃശൂരിൽ നിന്നാണ് വള്ളം അച്ചാംതുരുത്തിയിൽ എത്തിച്ചിരിക്കുന്നത്. അച്ചാംതുരുത്തി തേജസ്വിനി പുഴയിലെ പരിശീലനം തകൃതിയായി നടക്കുകയാണിപ്പോൾ. ഏഴു വർഷമായി ക്ലബ് നേരിട്ട് മത്സരത്തിൽ പങ്കെടുത്തിരുന്നില്ലെങ്കിലും മറ്റു ക്ലബുകൾക്കായി തുഴയെറിയാൻ ക്ലബ് അംഗങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ സ്വന്തം ക്ലബിനുവേണ്ടി മത്സരിക്കാമെന്ന സന്തോഷത്തിലാണ് ഇവർ. സ്വന്തം തട്ടകത്തിൽ ആദ്യമായി എത്തിയ ഉത്തരമലബാർ ജലോത്സവത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇവർ പ്രതീക്ഷിക്കുന്നില്ല. ആദ്യമായി നേടിയ ജലരാജപ്പട്ടം ഇത്തവണയും അച്ചാംതുരുത്തിയിൽ എത്തിക്കാനുള്ള തയാറെടുപ്പിലാണിവർ.
25 പേർ തുഴയും മത്സരത്തിലാണ് മാറ്റുരക്കുക. നവംബർ ഒന്നിന് അച്ചാംതുരുത്തിയും നീലേശ്വരം കോട്ടപ്പുറവുമാണ് മത്സരത്തിന് വേദിയാവുക. വർഷങ്ങളായി മത്സരം നടക്കാറുള്ള കാര്യങ്കോട് തേജസ്വിനി പുഴയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പാലം പ്രവൃത്തി നടക്കുന്നതിനാലാണ് ഇത്തവണ ഇവിടെ മത്സരം സംഘടിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. സംഘാടക സമിതി രൂപവത്കരണത്തോടെ മത്സരിക്കാനുള്ള എല്ലാ ക്ലബുകളും ആവേശത്തിലാണ്. വാശിയേറിയ മത്സരം ഇത്തവണ അച്ചാംതുരുത്തിയുടെ ഉത്സവമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.