ചെറുവത്തൂർ: ചെറുവത്തൂരിലും പരിസര പ്രദേശങ്ങളിലും പശുക്കളിൽ രോഗം പടരുന്നു. രോഗത്തെ തുടർന്ന് പാലുൽപാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. ഓരോ ദിവസവും ലഭിക്കുന്ന പാൽ കുറയുകയാണ്. 40,000 മുതൽ 50,000 വരെ വിലയുള്ള പശുക്കളാണ് രോഗത്തെത്തുടർന്ന് ചാവുന്നത്. വായ്പയെടുത്തും മറ്റും കാലി വളർത്തൽ തൊഴിലിൽ ഏർപ്പെട്ട ക്ഷീരകർഷകർക്കാണ് രോഗം ഇരുട്ടടിയാവുന്നത്.
ഇതിനിടെ രോഗം പകരാതിരിക്കാൻ അധികൃതർ നിർദേശങ്ങൾ നൽകി. രോഗം ബാധിച്ച പശുക്കളുമായി സമ്പർക്കം നടത്തുന്നത് ഒഴിവാക്കണം. തൊഴുത്തും പരിസരവും ശാസ്ത്രീയമായ രീതിയിൽ വൃത്തിയാക്കണം. കന്നുകാലിയുമായി ഇടപെടുന്ന കർഷകർ ഇതിനുശേഷം ശരീരം വൃത്തിയാക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.
രോഗത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘം എത്തണമെന്നതാണ് കർഷകരുടെ ആവശ്യം. ഇൻഷൂറൻസ് കാലാവധി ഒരുവർഷം എന്നുള്ളത് രണ്ട് വർഷമാക്കണം, ക്ഷീരകർഷകർക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം, ചത്തു പോയവയുടെ ഉടമസ്ഥർക്ക് ധനസഹായം ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ക്ഷീരകർഷകർ മുന്നോട്ടുവെച്ചു.
ക്ഷീരകർഷകർക്ക് ശാസ്ത്രീയമായ എല്ലാസഹായങ്ങളും ലഭ്യമാക്കാനും പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ചെറുവത്തൂർ, പിലിക്കോട്, കയ്യൂർ-ചീമേനി എന്നീ പഞ്ചായത്ത് ഭരണ സമിതികൾ തീരുമാനിച്ചു. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പ്രതിരോധ നടപടികൾ നടപ്പാക്കും. അറവുശാലകൾ താൽകാലികമായി പൂട്ടിയിടാൻ നിർദേശം നൽകും. ആർ.ടി.ഒ, പൊലീസ് എന്നിവയുടെ സഹായത്തോടെ കന്നുകാലികളുടെ പുറമെ നിന്നുള്ള വരവ് നിയന്ത്രിക്കാനുള്ള നടപടിയും സ്വീകരിക്കും.
തൃക്കരിപ്പൂർ, പിലിക്കോട്, ചെറുവത്തൂർ, പടന്ന, കയ്യൂർ- ചീമേനി പഞ്ചായത്തുകളിൽ നിരവധി പശുക്കളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. കാലിലും വായയിലും മൂക്കിലുമെല്ലാം വ്രണം രൂപപ്പെടുന്ന അവസ്ഥയാണ്. അസുഖം ബാധിച്ചവക്കുള്ള ചികിത്സ വെറ്ററിനറി വകുപ്പിലെ ഡോക്ടർമാരെത്തി നൽകുന്നുണ്ടെങ്കിലും തക്കസമയത്ത് ഡോക്ടർമാരെ കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് കർഷകർ പറഞ്ഞു. അതുകൊണ്ടുതന്നെ രോഗം മൂർച്ഛിക്കുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.