ചെറുവത്തൂർ: പതിറ്റാണ്ടുകൾക്കുമുമ്പ് പണിത നടപ്പാലം പൊളിഞ്ഞുതുടങ്ങിയിട്ടും പുതുക്കിപ്പണിയാത്തതിൽ നാട്ടുകാരിൽ ആക്ഷേപം ഉയരുന്നു. ചെറുവത്തൂർ - പിലിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മട്ടലായി തോടിന് കുറുകെ പണിത കോൺക്രീറ്റ് നടപ്പാലമാണ് ആശങ്കയുണ്ടാക്കുന്നത്. ഇതിന്റെ ഒരുവശത്തെ കോൺക്രീറ്റ് സ്ലാബിന്റെ പകുതി ഭാഗം തകർന്ന് തോട്ടിൽ പതിച്ചതോടെയാണ് നാട്ടുകാർ അധികൃതർക്കുമുന്നിൽ പരാതിയുമായി എത്തിയത്.
വിദ്യാർഥികളടക്കം കുട്ടികളും മുതിർന്നവരുമായി നൂറുകണക്കിന് യാത്രക്കാർ നിത്യേന ആശ്രയിക്കുന്ന ഈ പാലത്തിന്റെ സ്ലാബുകൾ താങ്ങിനിൽക്കുന്ന കൽത്തൂണുകൾ കാലപ്പഴക്കം കാരണം ദ്രവിച്ചുതുടങ്ങിയിട്ടുണ്ട്. തോട്ടിലെ ഒഴുക്കുകാരണം തൂണുകൾക്കടിയിലെ മണൽ ഒലിച്ചുപോയിട്ടുമുണ്ട്. മട്ടലായി ശീരാമക്ഷേത്രത്തിനു മുന്നിലൂടെ റെയിൽവേ ട്രാക്കിലേക്ക് പോകുന്ന വഴിയിലാണ് കാലങ്ങൾക്കുമുമ്പ് പണിത പാലം കിടക്കുന്നത്.
വിദ്യാർഥികളും നാട്ടുകാരും ഇരു ഭാഗത്തേക്കും നടന്നുപോകാൻ ഉപയോഗിച്ചുവരുന്ന പ്രദേശത്തെ ഏക മാർഗമാണ് അധികൃതരുടെ അവഗണന കാരണം അപകടാവസ്ഥയിലായത്. പിലിക്കോട് പാടാളം വയലുകളുടെയും കുണ്ടുവയലിന്റെയും മധ്യത്തിലൂടെയുള്ള നടപ്പാതയിലെ ഈ പാലം ചെറുവത്തൂർ റെയിൽവേ ലൈനിന് പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് ചെറുവത്തൂർ ടെക്നിക്കൽ സ്കൂളിലേക്കും ദേശീയപാതയിലേക്കുമുള്ള എളുപ്പ വഴിയാണ്.
അതോടൊപ്പം പിലിക്കോട് പഞ്ചായത്തിലെ തെക്കേ അറ്റത്തുള്ള മട്ടലായി തുടങ്ങിയ പ്രദേശവാസികൾ ഇതുവഴിയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നത്. വർഷങ്ങൾക്കുമുമ്പ് ഇരു പഞ്ചായത്തുകളുടെ അധികാരികൾക്കുമുന്നിൽ നാട്ടുകാർ ഈ പ്രശ്നം അവതരിപ്പിച്ചപ്പോൾ ഇവിടെയൊരു കോൺക്രീറ്റ് പാലത്തിന്റെ അനിവാര്യത ബോധ്യപ്പെട്ടിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.