ചെറുവത്തൂർ: ഉപേക്ഷിച്ച കാക്കടവ് ഡാം പദ്ധതിക്ക് ജീവൻ വെക്കുന്നു. ജനകീയ പ്രക്ഷോഭത്തെ തുടർന്നു ഉപേക്ഷിച്ച പദ്ധതിക്കാണ് വീണ്ടും ശ്രമം തുടങ്ങിയത്. കാസർകോട് വികസന പാക്കേജിെൻറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനു മുന്നോടിയായി സെപ്റ്റംബർ 13ന് ജില്ലയുടെ ജലസുരക്ഷയെ സംബന്ധിച്ച് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചിരുന്നു. തുടർന്നു 30ന് ജില്ലയിലെ ഡാം നിർമാണത്തെ കുറിച്ചു കലക്ടറേറ്റിൽ ചർച്ചയും നടന്നു.
ജില്ലയിൽ നദികൾ ഏറെയുണ്ടെങ്കിലും വലിയ ഡാമുകൾ ഇല്ലാത്തതിനാൽ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായി ചർച്ചയിൽ അധികൃതർ വ്യക്തമാക്കി. ഇതിനായി 1970 - 90 കാലത്ത് സജീവ പരിഗണനയിൽ ഉണ്ടായിരുന്നതും ഉയരക്കൂടുതൽ കാരണവും മറ്റു പ്രശ്നങ്ങളാലും നിർത്തലാക്കേണ്ടി വന്നതുമായ കാക്കടവ്, മൂന്നാംകടവ്, പയസ്വിനി എന്നിവിടങ്ങളിലെ ഡാം നിർമാണ പദ്ധതി നടപ്പാക്കുന്നതിനു സാധ്യത പരിശോധന ശ്രമമാണു ആരംഭിച്ചത്.
കാസർകോട് ജില്ലയിലെ കയ്യൂർ- ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കണ്ണൂർ ജില്ലയിലെ ചെറുപുഴ, പെരിങ്ങോം-വയക്കര എന്നീ പഞ്ചായത്തുകളിലെ ജലസേചനത്തിനും ഭൂഗർഭജല റീചാർജിനും പുറമെ ജില്ലയിൽ മിനി - മൈക്രോ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ സ്ഥാപിക്കാനും സാധിക്കും. എം. രാജഗോപാൽ എം.എൽ.എ, ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, ജില്ല പഞ്ചായത്ത് അധികൃതർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഡാം നിർമിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നു ചെറുപുഴ, പെരിങ്ങോം-വയക്കര പഞ്ചായത്ത് അധികൃതർ യോഗത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.