കണ്ണൂർ - മംഗലാപുരം പാസഞ്ചറിന് സ്റ്റോപ്പ് അനുവദിക്കണം; അനിശ്ചിതകാല സമരവുമായി പ്രദേശവാസികൾ

ചെറുവത്തൂർ: കണ്ണൂർ പാസഞ്ചറിന്‌ പകരം അനുവദിച്ച കണ്ണൂർ - മംഗളൂരു എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ചന്തേര റയിൽവെ യൂസേഴ് ഫോറം. രാവിലെ 9ന് നടക്കുന്ന സമരം മുൻ എം.പി പി .കരുണാകരൻ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ 30ന്‌ സർവീസ്‌ ആരംഭിച്ച മുൻകൂട്ടി ബുക്കിങ്ങ്‌ വേണ്ടാത്ത കണ്ണൂർ - മംഗളൂരു എക്സ്പ്രസിന് ചന്തേരയിലെ സ്‌റ്റോപ്പ്‌ ഒഴിവാക്കിയിരുന്നു. കൊവിഡ്‌ അടച്ചിടലിന്‌ ശേഷം ചന്തേര റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളൊന്നും നിർത്തുന്നില്ല. അതുവരെ സ്റ്റോപ്പ് അനുവദിച്ചിരുന്ന കണ്ണൂർ - മoഗലാപുരം പാസഞ്ചറിൻ്റെ സ്റ്റോപ്പാണ് ആളില്ലെന്ന കാരണത്താൽ ഒഴിവാക്കിയത്

അതേസമയം ഇരു പ്ലാറ്റ് ഫോമും ഉയർത്തി നവീകരിച്ച്‌ മെമു എൻജിൻ സ്റ്റോപ്പ് എന്ന ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ട്‌. പിലിക്കോട്, പടന്ന, കരിവെള്ളൂർ - പെരളം എന്നീമൂന്ന്‌ പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ചന്തേരയിൽ നാല് പാസഞ്ചർ ട്രെയിൻ മുമ്പ്‌ നിർത്തിയിരുന്നു. മലബാർ എക്സ്പ്രസുൾപ്പെടെയുള്ള വണ്ടികൾക്ക്‌ സ്റ്റോപ്പ്‌ പ്രതീക്ഷിച്ചിരുന്ന യാത്രക്കാർ ഒരു വർഷത്തിന്‌ ശേഷം തുടങ്ങിയ പാസഞ്ചറിന്‌ പോലും സ്റ്റോപ്പ്‌ ഇല്ലെന്നറിഞ്ഞതോടെ നിരാശയിലാണ്‌.

രാവിലെ 7.30ന് മംഗളൂരു കോഴിക്കോട് പാസഞ്ചർ, 8.15ന് കണ്ണൂർ-മംഗളൂരു പാസഞ്ചർ, വൈകീട്ട് 6.30ന് കണ്ണൂർ-മംഗളൂരു പാസഞ്ചർ, മംഗളൂരു-കണ്ണൂർ ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത്. കണ്ണൂർ,കാസർകോട് ജില്ലകളിലേക്കും മംഗളൂരുവിലേക്കും അഞ്ഞൂറിലധികം യാത്രക്കാർ ചന്തേരയിൽ നിന്നുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ചന്തേര റെയിൽവെ സ്റ്റേഷന് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തിയിരുന്നു. അധികൃതർ തുടർനടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് അനിശ്ചിതകാല സമരം തുടങ്ങുന്നത്.

Tags:    
News Summary - Kannur Mangalore passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.