ചെറുവത്തൂർ: ചുട്ടികുത്തലിന്റെ കരവിരുത് അവർ വിസ്മയത്തോടെ കണ്ടിരുന്നു. അരങ്ങത്തെ കേളികൊട്ടും തോടയവും, വന്ദന ശ്ലോകം കേട്ട് കഥകളി അറിവുകളിലേക്ക് കുട്ടിക്കൂട്ടം ആഴ്ന്നിറങ്ങി. പെരുങ്കളിയാട്ട വേദിയിൽ അവതരിപ്പിച്ച കലാമണ്ഡലത്തിന്റെ കഥകളിയെ നേരറിവിന്റെ പഠനപ്രവർത്തനങ്ങളുമായി ചേർത്തുവെച്ചത് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളാണ്.
ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട ഭാഗമായാണ് ദുര്യോധന വധം കഥകളി അരങ്ങേറിയത്. നാലാംതരത്തിൽ മുരളി കണ്ട കഥകളി എന്ന പാഠത്തിലും, മൂന്നിൽ പരിസര പഠനത്തിലും പഠിക്കുന്നത് കഥകളിയെ കുറിച്ച്. വിദ്യാലയത്തിന്റെ തൊട്ടടുത്ത് കഥകളി എത്തിയപ്പോൾ കണ്ടു പഠിക്കാൻ സംഘാടകരോട് വിദ്യാലയം അനുമതി തേടി.
അധ്യാപക വിദ്യാർഥി കൂടിയായ ഉദിനൂരിലെ കലാമണ്ഡലം സ്വരചന്ദ് കഥകളിയറിവുകൾ പകർന്നു നൽകി. അണിയറ ഒരുക്കങ്ങൾ തുടങ്ങുമ്പോൾ തന്നെ 107 കുട്ടികൾ കഥകളി പഠിക്കാനെത്തി.
കിരീടവും, തോൾ വളയും, കൈവളയും കഥകളിയുടെ വാദ്യങ്ങളും നേരിൽ കണ്ടു. പ്രഫ. അമ്പലപ്പുഴ രാമവർമ എഴുതിയ ‘മുരളി കണ്ട കഥകളി’ എന്ന പാഠത്തിലെ ഓരോ വരികളും കുട്ടികൾ കൺമുന്നിൽ കണ്ടു.
കലാമണ്ഡലം സ്വരചന്ദ്, ഗിരീഷ്, വിഘ്നേഷ്, അഖിൽ വർമ, സായ് കാർത്തിക് എന്നിവർ വേഷമിട്ടു.ശോഭ ബാലൻ, പി.വി. രാജൻ, സി. ബാലകൃഷ്ണൻ, ഉദിനൂർ ബാലഗോപാലൻ എന്നിവർ കുട്ടികളെ സ്വീകരിച്ചു. പി. ബാലചന്ദ്രൻ , വിനയൻ പിലിക്കോട്, ടി. റജിന, കെ.പി. ശ്രീജ , കെ.എം. അജിത്കുമാർ, സഞ്ജയ് വെങ്ങാട്ട്, കെ.വി. രാധിക, പി. ഗായത്രി, പി. സ്വാതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.