ചെറുവത്തൂർ: ഒരു ദിവസം കൊണ്ട് അടച്ചുപൂട്ടിയ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപനശാല തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് രൂപം കൊണ്ട് ചെറുവത്തൂർ പോരാളികൾ
തെരഞ്ഞെടുപ്പിൽ ഭീഷണിയായേക്കുമെന്ന് സി.പി.എം സംശയിക്കുന്നു. നിരവധി പാർട്ടി കുടുംബങ്ങളിൽപ്പെട്ട പ്രവർത്തകരുടെ കൂട്ടായ്മയാണിത്. ചുമട്ടു തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ തുടങ്ങി നിരവധി തൊഴിലാളികൾക്ക് ഉപകരമായേക്കാവുന്ന മദ്യവിൽപനശാല സ്വകാര്യ ബാറിന്റെ ഇടപെടലിനെ തുടർന്ന് അടച്ചുപൂട്ടിയെന്നതാണ് പ്രധാന ആരോപണം. ചെറുത്തൂർ ടൗണിൽ നിരവധി തവണ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ച ഈ കൂട്ടായ്മ കഴിഞ്ഞ ദിവസം മദ്യവിൽപനശാല തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ബോർഡ് സ്ഥാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി എൽ.ഡി.എഫ് ബഹുദൂരം മുന്നോട്ട് പോകവെയാണ് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് 25 ഓളം പാർട്ടി പ്രവർത്തകർ എത്തി ബാനർ സ്ഥാപിച്ചത്.
ഒരുവിധം പ്രശ്നങ്ങൾ അടങ്ങിയെന്ന് വിചാരിച്ചിരിക്കെ അപ്രതീക്ഷമായി പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ നീക്കം സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുടർനീക്കങ്ങൾ പ്രതിരോധിക്കാൻ നേതൃത്വം സംഘം ചേർന്ന് വീടുകൾ കയറുകയാണ്. ചെറുവത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലിപ്പോൾ. കഴിഞ്ഞ നവംബർ 23നാണ് ചെറുവത്തൂരിൽ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപനശാല തുറന്നത്. ഒറ്റ ദിവസം കൊണ്ട് 9.42 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. ചുമട്ടുതൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ എന്നിവർ ആശ്വസിച്ചു നിൽക്കെയാണ് അന്നുതന്നെ ഇവിടുത്തെ വിൽപനശാല പൂട്ടിയത്.തുടർന്ന് കനത്ത പ്രതിഷേധമാണ് ഉയർന്നത്.
ഒരു മാസക്കാലം ചുമട്ടുതൊഴിലാളികൾ സമരം നടത്തി. ചെറുവത്തൂർ പഞ്ചായത്തിൽ തന്നെ മദ്യവിൽപനശാല തുറന്ന് പ്രവർത്തിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്. എന്നാൽ, ഇതുവരെയും പ്രസ്തുത സ്ഥാപനം തുറക്കാൻ സാധിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലും പ്രതിഷേധങ്ങൾ ശക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.