ചെറുവത്തൂർ: ഈ അടഞ്ഞുകിടക്കുന്ന ഓരോ ബോർഡുകൾക്കു പിന്നിലും ഓരോ ജീവിതങ്ങൾ ഉണ്ട്. ലോൺ എടുത്തും ചിട്ടി പിടിച്ചും കടകൾ തുടങ്ങി പ്രതിസന്ധിയിലായ നിരവധി ജീവിതങ്ങൾ. ഇവരെ തീർത്തും വലച്ചിരിക്കുകയാണ് നിലവിലെ അവസ്ഥ. നഗരത്തിലും നാട്ടിൻപുറത്തും ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടപ്പാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ടാണിത്. എന്നാൽ, ഇനിയും ലോക്ഡൗൺ തുടരുന്നത് തങ്ങളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് വ്യാപാരികൾ പറഞ്ഞു.
ഹോട്ടൽ, അനാദിക്കടകൾ എന്നിവക്ക് അനുമതി കൊടുത്തപ്പോൾ മറ്റെല്ലാ വിഭാഗങ്ങളെയും തഴഞ്ഞിരിക്കുകയാണ്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തങ്ങൾക്ക് കടകൾ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എല്ലാ ഉത്സവ സീസണുകളും നഷ്ടപ്പെട്ട സ്ഥാപനങ്ങൾക്കാണ് ഏറ്റവും തിരിച്ചടിയായത്. ബാർബർ ഷോപ്പുകൾ, ഫാൻസിക്കടകൾ, തയ്യൽക്കടകൾ, ജ്വല്ലറികൾ, ഇൻറർനെറ്റ് കഫേകൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
ഈ അടഞ്ഞുകിടക്കുന്ന കാലത്തെയും കച്ചവടമില്ലാത്ത കാലത്തെയും ഭീമമായ വാടക ഉടമസ്ഥർ നിർബന്ധിച്ചു വാങ്ങുന്നുണ്ട്. ഇത് ഒഴിവാക്കിക്കൊടുക്കണമെന്നും വൈദ്യുതി ബില്ലുകൾ ഒഴിവാക്കണമെന്നും എല്ലാ വ്യാപാരികളും ഒന്നടങ്കം ആവശ്യപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.