ചെറുവത്തൂർ: ഒരുകാലത്ത് ചെറുവത്തൂരിന്റെ വ്യാപാരമേഖലയിൽ പ്രൗഢിയോടെ തലയുയർത്തിനിന്നിരുന്ന ആഴ്ചച്ചന്തകൾ വിസ്മൃതിയിലേക്ക്. ചന്ത നിലവിൽ പേരിന് മാത്രം. ചെറുവത്തൂർ വി.വി നഗറിൽ തിങ്കളാഴ്ച മാത്രമാണ് ഇപ്പോൾ ആഴ്ചച്ചന്തയുള്ളത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലംപോയതോടെയാണ് ആഴ്ചച്ചന്തകൾ നാടുനീങ്ങിയത്. ഒരുകാലത്ത് ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ സമൃദ്ധമായി ലഭിച്ച ചന്തയിൽ ഇപ്പോൾ ഉള്ളത് പച്ചക്കറി മാത്രം.
തിങ്കളാഴ്ച രാവിലെ ഏഴു മുതൽ ഉച്ച ഒരു മണിവരെയാണ് ചന്തയുടെ പ്രവർത്തനം. കഴിഞ്ഞ 40 വർഷമായി ആഴ്ചച്ചന്തയിൽ കച്ചവടം നടത്തിയ നീലേശ്വരത്തെ ചന്ദ്രനും വെള്ളൂരിലെ നാരായണനും മാത്രമാണ് ചന്തയിൽ അവശേഷിക്കുന്ന കച്ചവടക്കാർ. എന്ത് പ്രതിസന്ധിയുണ്ടായാലും കഴിയുന്നത്രകാലം തിങ്കളാഴ്ചച്ചന്ത തുടരാനാണ് ഇവരുടെ തീരുമാനം.
ഒരുകാലത്ത് മിക്ക കടകളിലേക്കും സാധനങ്ങൾ കൊണ്ടുപോയത് ഇവിടത്തെ ആഴ്ചച്ചന്തയിൽനിന്നാണ്. ന്യായ വിലക്ക് നല്ല സാധനങ്ങൾ ലഭ്യമാകുമെന്നതാണ് ചന്തയുടെ പ്രത്യേകത. കയ്യൂർ, ചീമേനി ഭാഗങ്ങളിൽനിന്നാണ് പച്ചക്കായയും പച്ചക്കറികളും ഇവിടേക്ക് എത്തിയിരുന്നത്.
നൂറുകണക്കിന് ആളുകളാണ് കച്ചവടത്തിനും സാധനങ്ങൾക്കുമായി ഈ ചന്തയിൽ എത്തിയിരുന്നത്. ഉൽപാദിപ്പിച്ച സാധനങ്ങൾ നൽകി പകരം ആവശ്യമുള്ളവ വാങ്ങി മടങ്ങുന്നവരും ധാരാളമുണ്ടായിരുന്നു. വിഷുക്കാലത്ത് കണിവെള്ളരി, കണിച്ചട്ടി എന്നിവ തേടി നിരവധിപേർ ആഴ്ചച്ചന്തയിൽ എത്തിയിരുന്നു. സ്ഥലം കണ്ടെത്തി ആഴ്ചച്ചന്തയെ പുനരുജ്ജീവിപ്പിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.