കാഞ്ഞങ്ങാട്: മുന്നണിയിലെ ഘടകകക്ഷി എന്ന നിലയിൽ എൻ.സി.പിയുമായി കേരളത്തിൽ എല്ലായിടത്തും നല്ല ബന്ധമാണുള്ളതെന്നും തെരഞ്ഞെടുപ്പു രംഗത്ത് എൻ.സി.പി സജീവമാണെന്നും എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. കൊവ്വൽപള്ളിയിൽ എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ഓഫിസിൽ എൻ.സി.പി (എസ്) ജില്ല ഭാരവാഹികളുമായി ചർച്ച നടത്തവെയാണ് ഇ.പി. ജയരാജൻ ഇങ്ങനെ പറഞ്ഞത്.
മുന്നണി സംവിധാനത്തിലായാലും ഭരണ തലത്തിലായാലും എൻ.സി.പിയുമായി ഉണ്ടാക്കിയ എല്ലാ ധാരണകളും പാലിക്കും. മുന്നണിയിലെ ഘടകകക്ഷികളുമായി ഒരുവിധ അഭിപ്രായവ്യത്യാസങ്ങളും ഇല്ലാത്ത തെരഞ്ഞെടുപ്പാണിത്. മുഴുവൻ പാർട്ടികളും ആത്മാർഥമായി രംഗത്തിറങ്ങുകയാണ്. കേരളത്തിലെ 20 എൽ.ഡി.എഫ് സ്ഥാനാർഥികൾക്കും വേണ്ടി ഘടകകക്ഷികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ് -അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് കൺവീനറുമായി നടത്തിയ ചർച്ചയിൽ എൻ.സി.പി ജില്ല കമ്മിറ്റി ഉന്നയിച്ച വിഷയങ്ങൾ ഇ.പി. ജയരാജൻ അംഗീകരിച്ചതായി എൻ.സി.പി നേതാക്കൾ പറഞ്ഞു. എൻ.സി.പിയുമായി ഉണ്ടാക്കിയ ധാരണപ്രകാരം ആവശ്യമായ നടപടി കൈക്കൊള്ളാൻ ഒപ്പമുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ കെ.പി. സതീഷ് ചന്ദ്രന് അദ്ദേഹം നിർദേശവും നൽകി.
സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.വി. രമേശനും സംബന്ധിച്ചു. എൽ.ഡി.എഫ് നേതാക്കൾ പാർട്ടിക്ക് മുന്നണിയിൽ അർഹമായ പരിഗണന നൽകുന്നതായും കാസർകോട് ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ വിജയത്തിനായി പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും എൻ.സി.പി (എസ്) ജില്ല പ്രസിഡന്റ് കരീം ചന്തേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.