കാഞ്ഞങ്ങാട്: ഒരുവീട്ടിലെ മൂന്നുപേരുടെ മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. വിവരമറിഞ്ഞത് മുതൽ ആളുകൾ സൂര്യപ്രകാശിന്റെ വീട്ടിൽ ഓടിയെത്തി. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മകൻ അജയ് പ്രകാശിനെ ഫോണിലൂടെ വിളിച്ചറിയിച്ചതിനുശേഷമാണ് സൂര്യപ്രകാശ് തൂങ്ങിമരിച്ചത്. ഇന്നലെ പുലർച്ച നാലരയോടെയാണ് സൂര്യപ്രകാശ് മകനെ വിളിച്ചത്. ‘അമ്മയും മുത്തശ്ശിയും പോയി. ഞാനും പോവുകയാണ്’ എന്നാണ് സൂര്യപ്രകാശ് അജയനോട് പറഞ്ഞത്.
ഇത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അജയ് പ്രകാശ് വിവരം അടുത്ത സുഹൃത്ത് രാജേഷിനെയും സഹോദരീഭർത്താവ് ഷാലുവിനെയും അറിയിക്കുകയായിരുന്നു. ഇരുവരും വീട്ടിലേക്കെത്തിയപ്പോൾ വാതിൽ പുറത്തുനിന്ന് താഴിട്ടുവെച്ച് അടച്ചനിലയിൽ കണ്ടു. താഴിട്ട് പൂട്ടാത്തതിനാൽ ഇരുവരും അകത്ത് കയറിയപ്പോഴാണ് ലീലയെയും ഗീതയെയും ആവിക്കര മുത്തപ്പൻ ക്ഷേത്രത്തിനടുത്തുള്ള വാടക വീട്ടിലെ ഓരോ മുറികളിൽ മരിച്ചനിലയിൽ കണ്ടത്. സൂര്യപ്രകാശനെ അടുക്കളയിൽ തൂങ്ങിയനിലയിലും. കടുത്ത സാമ്പത്തികപ്രതിസന്ധി ഉണ്ടെന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസിന് ലഭിച്ചു.
ഭാര്യയേയും അമ്മയെയും കൊലപ്പെടുത്തിയകാര്യം ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. ടെലിവിഷന്റെ കേബിൾ വയർ കഴുത്തിൽ കുരുക്കിയായിരുന്നു ഇരട്ടക്കൊലപാതകം.കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് തെക്കുഭാഗത്ത് സയന്റിഫിക് എന്നപേരിൽ വാച്ച് കട നടത്തിവരുകയായിരുന്നു സൂര്യപ്രകാശ്. സാമ്പത്തികപ്രതിസന്ധിതന്നെയായിരിക്കാം കൃത്യത്തിന് കാരണമെന്നാണ് നാട്ടുകാർ കരുതുന്നത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി. സയന്റിഫിക്, ഫോറൻസിക് വിഭാഗങ്ങൾ സ്ഥലത്തെത്തി തെളിവെടുത്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ്,ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
മകളുടെ ഭർത്താവ് അതിയാമ്പൂരിലെ പി.വി. ഷാലുവിന്റെ മൊഴിപ്രകാരം ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
കൊല്ലപ്പെട്ട ലീല റിട്ട. അധ്യാപികയാണ്. ലീലയുടെ മൃതദേഹം ഖുശാൽനഗർ ശ്മശാനത്തിലും സൂര്യപ്രകാശിന്റെയും ഗീതയുടെയും മൃതദേഹങ്ങൾ മേലാങ്കോട്ട് ശ്മശാനത്തിലും രാത്രിയോടെ സംസ്കരിച്ചു. മൂന്നുപേരുടെ മരണത്തിന്റെ ഞെട്ടലിലാണ് കാഞ്ഞങ്ങാടിന് വിളിപ്പാടകലെയുള്ള ആവിക്കര പ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.