കാഞ്ഞങ്ങാട്: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ല ഭരണകൂടം കൊണ്ടുവന്ന ഉത്തരവിന് പുല്ലുവില. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിരോധനം നിലനിൽക്കെ നൂറുകണക്കിന് ആളുകളെത്തി. രാത്രി വൈകിയും ബീച്ചുകളും പാർക്കുകളും സജീവമാണ്. സ്ത്രീകളും കുട്ടികളും രാത്രി എട്ടുമണിക്ക് ശേഷവും കടൽവെള്ളത്തിലിറങ്ങി ഉല്ലസിക്കുന്നത് കാണാമായിരുന്നു. പകൽനേരത്തുപോലും കടൽതീരത്തെ വിനോദത്തിന് വിലക്ക് നിലനിൽക്കെയാണ് രാത്രി വൈകിയുമുള്ള ഈ അഭ്യാസപ്രകടനം.
ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിച്ചെങ്കിലും ലംഘിച്ച് നൂറുകണക്കിന് ആളുകളാണ് തീരത്തേക്കൊഴുകുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിച്ചു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ കെ. ഇമ്പശേഖർ നൽകിയ നിർദേശമാണ് കാറ്റിൽപറത്തിയിരിക്കുന്നത്.
ബി.ആർ.ഡി.സിയുടെ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതിനു പുറമേ ബേക്കൽ-പള്ളിക്കര ബീച്ച്, ഹോസ്ദുർഗ്കൈറ്റ് ബീച്ച്, ചെമ്പിരിക്ക, അഴിത്തല, വലിയപറമ്പ, കണ്വതീർഥ ബീച്ചുകളിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, നിരോധനം നിലനിൽക്കുന്ന മൂന്ന് ദിവസവും മിക്ക ബീച്ചുകളും പതിവുപോലെ പ്രവർത്തിച്ചു.
ഞായറാഴ്ച ഹോസ്ദുർഗ് കൈറ്റ് ബീച്ചിൽ രാത്രി 8.30 മണിക്ക് ശേഷവും കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഉണ്ടായിരുന്നത്. കലക്ടറുടെ നിർദേശം വന്നദിവസം മുതൽ നിരോധനം കൂട്ടാക്കാതെ ഇവിടേക്ക് സഞ്ചാരികൾ വന്നുകൊണ്ടേയിരുന്നു.
തീരപ്രദേശങ്ങളിൽ ജാഗ്രത പുലർത്താനും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിനും നടപടികൾ സ്വീകരിക്കാൻ നിർദേശം നിലനിൽക്കെയാണ് കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികൾ എത്തിയത്. ഡി.ടി.പി.സിക്ക് നൽകിയ നിർദേശം പാലിക്കപ്പെടാതിരുന്നത് നിരുത്തരവാദപരമായ സമീപനമാണെന്ന് ആക്ഷേപമുണ്ട്.
ബീച്ചുകൾ പ്രവർത്തിക്കരുതെന്ന് കലക്ടർ ഉത്തരവിട്ടതിന് ശേഷവും ജില്ല ഭരണകൂടം നിത്യവും മാറിമാറി ജാഗ്രത നിർദേശവും കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടത്തിപ്പുകാർ വിലകൽപിച്ചില്ല. കഴിഞ്ഞദിവസം തൃക്കണ്ണാട് കടലേറ്റ മുണ്ടാവുകയും കലക്ടർ അടക്കം സ്ഥലത്തേക്ക് പാഞ്ഞെത്തി മാർഗനിർദേശം നൽകിയസമയത്തും ബീച്ചുകളിൽ ഭരണകൂടത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ആളുകൾ ഉല്ലസിക്കുന്ന തിരക്കിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.