കാഞ്ഞങ്ങാട്: ഓൺലൈൻ തട്ടിപ്പ് വ്യാപകമായി തുടരുന്നു. തൃക്കണ്ണാട് സ്വദേശിക്ക് 31 ലക്ഷത്തിലേറെ രൂപ നഷ്ടമായി. ഓൺലൈൻ ഗെയിമിൽ കുടുക്കി 17കാരനിൽനിന്ന് ഒന്നരലക്ഷം തട്ടിയെടുത്തു. മറ്റൊരു സംഭവത്തിൽ ഓൺലൈൻ തട്ടിപ്പുസംഘത്തിലെ ആറങ്ങാടി സ്വദേശിയായ യുവാവ് അറസ്റ്റിലായി.
തൃക്കണ്ണാട് സഞ്ജയ്കുമാറിനാണ് (54) പണം നഷ്ടപ്പെട്ടത്. 3192785 രൂപയാണ് തട്ടിയെടുത്തത്. വാട്സ് ആപ് ഗ്രൂപ് വഴിയും ട്രേഡിങ് ആപ് വഴിയും അജ്ഞാതസംഘം പണം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി എട്ടു മുതൽ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലാണ് പണം നൽകിയത്. ലാഭവിഹിതം നൽകാമെന്ന ഉറപ്പിന്മേലാണ് ഓൺലൈനായി പരാതിക്കാരൻ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്. പിന്നീടാണ് തട്ടിപ്പ് മനസ്സിലായത്. ബേക്കൽ പൊലീസ് കേസെടുത്തു.
പടന്ന കാവുന്തലയിലെ 17കാരനിൽനിന്നാണ് 168500 രൂപ അജ്ഞാതസംഘം തട്ടിയെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 27നും മാർച്ച് മൂന്നിനും ഇടയിലാണ് തട്ടിപ്പ് നടന്നത്. ഓൺലൈനായി പലകാര്യങ്ങളും ചെയ്യാൻ ആവശ്യപ്പെടുകയും ഇതിനെല്ലാമായി 154000 രൂപ ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഓരോ ഗെയിമിന്നും ടാക്സ് ഇനത്തിലും മറ്റുമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയെടുത്തത്. ചന്തേര പൊലീസ് കേസെടുത്തു.
ആസിഫ മൻസിലിൽ മുഹമ്മദ് ഹനീഫ് (27) ആണ് കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടുനിന്നും അറസ്റ്റിലായത്.
മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ലക്ഷം രൂപ ഓൺലൈൻവഴി വായ്പക്ക് അപേക്ഷിച്ച പരാതിക്കാരനോട് പ്രോസസിങ് ഫീസായി 1,17,000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഡൽഹിയിലേക്ക് അയച്ച പണം കാഞ്ഞങ്ങാട്ടെ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നീട് പ്രതി ചെക്ക് വഴി പണം പിൻവലിക്കുകയായിരുന്നുവെന്നും ഇത്തരത്തിൽ 17 ലക്ഷം രൂപ ബാങ്ക് വഴി പിൻവലിച്ചതായി എ.സി.പി കെ.വി. വേണുഗോപാൽ പറഞ്ഞു.
മട്ടന്നൂർ എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. കാസർകോട് ജില്ലയിൽ വിവിധരീതിയിൽ വൻ ഓൺലൈൻ തട്ടിപ്പാണ് നടക്കുന്നത്. കോടികളാണ് തട്ടിപ്പുസംഘം കൈക്കലാക്കിയിട്ടുള്ളത്. കേസെടുക്കുന്നുണ്ടെങ്കിലും പ്രതികൾ കുടുങ്ങുന്നത് വിരളമാണ്. കഴിഞ്ഞദിവസം മൂന്ന് ഓൺലൈൻ തട്ടിപ്പുകേസുകൾ കൂടി ജില്ലയിൽ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.