കാഞ്ഞങ്ങാട്: വേനൽമഴയിലും മിന്നലിലും കാറ്റിലും വ്യാപക നാശം. രണ്ടുവീടുകൾക്ക് മിന്നലേറ്റു. ആളപായമില്ല. കഴിഞ്ഞദിവസം രാത്രി അനുഭവപ്പെട്ട ശക്തമായ മിന്നലിലാണ് വീടിന് നാശമുണ്ടായത്. വീടിന്റെ ചുമർ വിണ്ടുകീറി. കോടോത്തെ കാരിച്ചിയുടെയും കരിന്തളം പാലാത്തടം ഷൈജ തോമസിന്റെ വീടിനുമാണ് മിന്നലേറ്റത്. ഭീമനടി പുല്ലുമലയിലെ പത്മിനിയുടെ കിണറിടിഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിൽ കഴിഞ്ഞദിവസം മാത്രം ആറു വീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല.
പലയിടത്തും മതിലുകൾ ഇടിഞ്ഞുവീണു. മണ്ണിടിച്ചിലും വ്യാപകമാണ്. മിന്നൽ പല ഭാഗങ്ങളിലും വലിയ നാശമുണ്ടാക്കി. രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അതിയാമ്പൂർ- കാലിക്കടവ് റോഡിൽ വൻമരം കടപുഴകി. മറിഞ്ഞുവീണ മരത്തിന്റെ ശിഖരം വൈദ്യുതി ലൈനിൽ വീണിരുന്നു. കെ.എസ്.ഇ.ബി അധികൃതരും കാലിക്കടവ് ഫ്രൻഡ്സ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പൊട്ടിവീണ മരം മുറിച്ചുമാറ്റി ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിച്ചു.
അതിയാമ്പൂർ ശോഭയുടെ വീട്ടുപറമ്പിലെ മരമാണ് പൊട്ടിവീണത്. നൽകി. ചാമുണ്ഡിക്കുന്നിലെ അശോകന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാണു. മുക്കൂടിലെ ഭാസ്കരന്റെ വീടിന്റെ ഒരുഭാഗം തകർന്നു. രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നെല്ലിക്കാട്ട് മാങ്ങോട്ട് കെ. യമുനയുടെ, ലൈഫ് ഭവനപദ്ധതിയിൽ നിർമിക്കുന്ന വീടിനോടുചേർന്നുള്ള മതിൽ പൂർണമായും തകർന്നു. വീടിനുകേടുപാടുകൾ സംഭവിച്ചു.
തൊട്ടടുത്ത ബി.എം. കൃഷ്ണന്റെ തെങ്ങ്, കവുങ്ങുകൾ, കാർഷികവിഭവങ്ങൾ എന്നിവയും നശിച്ചു. യമുനക്ക് ലക്ഷം രൂപയുടെയും കൃഷ്ണന് 50,000 രൂപയുടെയും നഷ്ടമുണ്ടായി. കൊവ്വൽപള്ളിയിലെ ജലീലിന്റെ വീട്ടുമതിൽ തകർന്നു. ഈഭാഗത്ത് നിരവധി മതിലുകൾ തകർന്നിട്ടുണ്ട്.
മൊഗ്രാൽ: ഒരാഴ്ചയായി പെയ്യുന്ന വേനൽമഴയിൽ മൊഗ്രാലിൽ കിണർ ഇടിഞ്ഞ് കുടിവെള്ളം തടസ്സപ്പെട്ടു. കിണറിനടുത്തുള്ള അടുക്കളയുടെ ഒരുഭാഗവും തകർന്നിട്ടുണ്ട്. മൊഗ്രാൽ മീലാദ് നഗറിന് സമീപത്തെ മൊഗ്രാൽ ദേശീയവേദി ജോ. സെക്രട്ടറി ബി.എ. മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ കിണറും അടുക്കളയുമാണ് ശക്തമായി പെയ്ത മഴയിൽ തകർന്നത്.
സംഭവം രാത്രിയായതിനാൽ ആളപായമില്ല. കുട്ടികൾ കളിക്കുന്ന സ്ഥലത്തായിരുന്നു കിണർ. ഏകദേശം 50,000 രൂപയുടെ നഷ്ടമുണ്ടായതായി മുഹമ്മദ് കുഞ്ഞി പറഞ്ഞു.
ബദിയടുക്ക: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലിലും കാറ്റിലും ഓടിട്ട മേൽക്കൂരയുള്ള വീടിന് കേടുപാട് സംഭവിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ബദിയടുക്ക പഞ്ചായത്തിലെ ബേള വില്ലേജിൽപെടുന്ന പുതുക്കോളിലെ ആനന്ദന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.ലക്ഷത്തോളം രൂപയുടെ നാശം കണക്കാക്കുന്നതായി വില്ലേജ് ഓഫിസിൽ നൽകിയ പരാതിയിൽ പറയുന്നു.
കാസർകോട്: ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.