കാഞ്ഞങ്ങാട്: പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രമം നടത്തിയ കേസിലെ പ്രതിയെ കുടുക്കിയത് ഫോൺ വിളി. പ്രതി കസ്റ്റഡിയിലായതോടെ അന്വേഷണസംഘം ആശ്വാസത്തിലായി. സൽമാൻ ആന്ധ്രയിലാണെന്ന വിവരം കിട്ടിയ ഉടൻ മൈസൂരുവിൽ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘം ആന്ധ്രയിലെത്തി. വീട്ടിലേക്ക് വിളിച്ച ഫോണിന്റെ ടവർ ലൊക്കേഷൻ പ്രതിയെ പിടികൂടുന്നതിന് സഹായകമായി. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റൊരാളുടെ ഫോണിൽനിന്ന് വീട്ടിലേക്ക് ബന്ധപ്പെടുകയായിരുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രമത്തിനിരയാക്കി പടന്നക്കാടുനിന്നും മുങ്ങിയ പ്രതിയെ തേടി ഒരാഴ്ചയായി അന്വേഷണ സംഘം കർണാടകയിലായിരുന്നു. ഇതിനിടയിലാണ് പ്രതി ആന്ധ്രപ്രദേശിലുള്ളതായി നിർണായക വിവരം ലഭിച്ചത്. കുടക് സ്വദേശിയായ പ്രതിയെ ആന്ധ്ര പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ മാസം 15ന് പുലർച്ച രണ്ടരയോടെയാണ് പ്രതി കുട്ടിക്കുനേരെ അതിക്രമം നടത്തിയത്. തോളിൽ കിടത്തി ക്കൊണ്ടുപോകുമ്പോൾ ഉണർന്നു കരഞ്ഞ പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് അവിടെനിന്ന് കടത്തിയത്. ആദ്യം പ്രതിയെക്കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ല. അന്വേഷണത്തിനിടെ പ്രതിയുടെ ബന്ധുക്കൾതന്നെ പൊലീസിന് നിർണായക വിവരം നൽകിയത് വഴിത്തിരിവായി.
ആദ്യം ഇയാൾ കർണാടകയിലേക്ക് കടക്കുകയായിരുന്നു. പിടിയിലാകുമെന്ന് മനസ്സിലാക്കിയതോടെയാണ് പ്രതി ആന്ധ്രയിലേക്ക് കടന്നത്. 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് മേൽപറമ്പ് പൊലീസിൽ പ്രതിക്കെതിരെ കേസുണ്ട്. മടിക്കേരി, സുള്ള്യ എന്നിവിടങ്ങളിൽ മാല കവർച്ച കേസുകളിലും ഇയാൾ പ്രതിയാണെന്നാണ് സൂചന. അതിക്രമത്തിനിരയായ പെൺകുട്ടിയുടെ വീടുള്ള പ്രദേശത്ത് തന്നെയാണ് ഇയാൾ താമസിച്ചിരുന്നത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.