മൊഗ്രാൽ: വേനൽ മഴയിൽ തന്നെ വെള്ളക്കെട്ട് ഉണ്ടായ മൊഗ്രാൽ റോഡിൽ നാട്ടുകാർക്ക് ആശങ്ക. സ്കൂളുകൾ തുറക്കാൻ ഇനി രണ്ടാഴ്ചയാണുള്ളത്. ജൂൺ തുടക്കത്തോടെ തന്നെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്. ഇതോടെ മൊഗ്രാൽ സ്കൂൾ റോഡിലെ വെള്ളക്കെട്ടിൽ രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കയിലാണ്. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി പെയ്ത മഴയിൽ തന്നെ മൊഗ്രാൽ സ്കൂൾ റോഡ് വെള്ളക്കെട്ടിലായി . ടൗണിൽ നിന്ന് സ്കൂളിലെത്താനുള്ള പൊതുമരാമത്ത് റോഡാണിത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഓവുചാലിന്റെ ഉയരം കൂടിയതാണ് സ്കൂൾ റോഡിൽ വെള്ളക്കെട്ടിന് കാരണമായത്. വെള്ളം ഓവുചാലിലേക്ക് ഒഴുക്കി വിട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായിട്ടില്ല. തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങൾക്കും ഇത് ദുരിതമാകുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ചെളി വെള്ളം തെറിക്കുന്നത് വ്യാപാര സ്ഥാപനങ്ങളിലേക്കാണ്. വിഷയത്തിൽ പി.ടി.എയും, വ്യാപാരികളും, സന്നദ്ധ സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.