നീലേശ്വരം: പാമ്പു കൊത്തിപ്പാറ എന്ന് ആധാരത്തിൽ പേരുള്ള സ്ഥലം നാൽപത് വർഷം മുമ്പ് വാങ്ങുമ്പോൾ പടക്കക്കമ്പനി നടത്തുന്ന ടി.വി. ദാമോദരൻ അറിഞ്ഞിരുന്നില്ല പ്രസ്തുത സ്ഥലം മഹാശിലാ കാലഘട്ടത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ചരിത്ര ശേഷിപ്പായ ശിലാചിത്രം കോറിയിട്ട അമൂല്യ നിധി ഉൾപ്പെടുന്നതാണെന്ന്.
പുതുക്കൈ വില്ലേജിൽ ആലിൻകീഴിൽ നാല് ഇഞ്ച് കനത്തിൽ കോറിയിട്ട പാമ്പിൻ മുട്ടക്ക് അടയിരിക്കുന്ന സർപത്തിന്റെ ശിലാചിത്രമാണ് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള സംസ്കാരത്തിന്റെ അടയാളപ്പെടുത്തലായി ഇന്നും നിലനിൽക്കുന്നത്.
മഹാശിലാ കാലഘട്ടത്തിലേതെന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയ മൂന്നു കിലോമീറ്റർ പരിധിയിൽ വരുന്ന ബങ്കളം സ്കൂൾ ഗ്രൗണ്ടിന് സമീപത്തുള്ള പള്ളത്തിലെ പുലിയുടേയും എരിക്കുളം വലിയ പാറയിലെ തോരണങ്ങളുടെയും പതിനെട്ട് കിലോമീറ്റർ ദൂരത്തുള്ള ചീമേനി അരിയിട്ട പാറയിലെ മനുഷ്യരുടെയും മൃഗങ്ങളുടേയും ശിലാചിത്രങ്ങളുടെയും നിർമാണ രീതിയിലാണ് ആലിൻകീഴിൽ സർപത്തിന്റെ രൂപവും കൊത്തി വച്ചിട്ടുള്ളത്. രണ്ടായിരം വർഷംവരെ പഴക്കമുള്ളതാണ് ആലിൻകീഴിലെ ശിലാചിത്രമെന്നാണ് അനുമാനം.
സാമൂഹിക പ്രവർത്തകനായ സതീശൻ കാളിയാനം അറിയിച്ചതനുസരിച്ച് പടന്നക്കാട് നെഹ്റു കോളജിലെ ചരിത്രാധ്യാപകൻ നന്ദകുമാർ കോറോത്താണ് ശിലാ ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം പ്രദേശവാസികള അറിയിച്ചത്. സർപ്പരൂപം ഇരുമ്പായുധം ഉപയോഗിച്ച് കോറിയിട്ടതുകൊണ്ടാണ് ആധാരത്തിൽ പാമ്പുകൊത്തിപ്പാറ എന്ന സ്ഥലപ്പേര് എഴുതിച്ചേർത്തിട്ടുള്ളത്. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊത്തിയ ചിത്രമായതുകൊണ്ട് തന്നെ മഴത്തുള്ളികൾ പതിച്ച് ചുറ്റിലും പാറയിൽ ചെറിയ സുഷിരങ്ങൾ വീണിട്ടുണ്ട്.
വർഷം മുഴുവനും ശിലാചിത്രത്തിന് മുകളിൽ നിറയെ ഇലകൾ വീണുകിടക്കുന്നത് കൊണ്ടാണ് ശിലാചിത്രം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടു അധികം പോറലേൽക്കാതെ നിലനിൽക്കുന്നത്. ബങ്കളത്തും അരിയിട്ട പാറയിലും ശിലാചിത്രങ്ങൾ കോറിയിട്ടത് പള്ളം എന്നറിയപ്പെടുന്ന പ്രകൃതിദത്ത ജലസംഭരണികളിലായതുകൊണ്ടുതന്നെ ആദ്യ മഴക്കുശേഷം മഴത്തുള്ളികൾ ശിലാചിത്രങ്ങളിൽ പതിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.