നീലേശ്വരം: ഒരുകാലത്ത് പടന്നക്കാടിന്റെ ശബ്ദവും വെളിച്ചവുമായിരുന്ന അന്തുക്കായ്ച്ച വിടവാങ്ങി. പടന്നക്കാട്ടെ ആദ്യത്തെ മുബാറക് ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായിരുന്നു. ഷർട്ടിന്റെ കോളറിനുള്ളിൽ ടവൽ നീട്ടിവെച്ച് സൈക്കിളിൽ സഞ്ചരിച്ച് നാടിന് വെളിച്ചവും ശബ്ദവും നൽകിയ വ്യക്തിയായിരുന്നു. സഹായികളില്ലാതെ ഒറ്റക്കുതന്നെ മൈക്കും ട്യൂബും സുരക്ഷിതമായി തയാറാക്കും. പടന്നക്കാടും പരിസരങ്ങളിലെയും ശബ്ദലോകത്തിന്റെ വലിയ ചരിത്രമാണ് അന്തുമായിച്ചയുടെ മരണത്തോടെ ഇല്ലാതായത്.
വാഹനസൗകര്യങ്ങൾ ഇല്ലാത്തകാലത്ത് മണ്ണുപാകിയ നാട്ടിൽപുറങ്ങളിലെ റോഡിൽ മൈക്ക് സെറ്റുമായി സൈക്കിളിൽ പോകുന്ന അന്തുക്കായ്ച്ചയുടെ യാത്ര പഴയ തലമുറക്ക് മറക്കാനാവില്ല. മൈക്കും ടെന്റും വാടകക്ക് നൽകുന്ന ആദ്യത്തെ ഉടമയാണ് കാലത്തിന് പിന്നിലേക്ക് മറഞ്ഞത്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായി ഊഷ്മള സൗഹൃദം സൂക്ഷിക്കുകയും ആഘോഷങ്ങൾക്കിടയിൽ ശബ്ദത്തിനും വെളിച്ചത്തിനും ഒരു ജാലവിദ്യക്കാരനെപോലെ ഊർജംപകർന്ന കൈകളായിരുന്നു അന്തു കായ്ച്ചയുടേത്. പാർട്ടി പരിപാടികൾ,
ഉത്സവം, ഉറൂസ്, കബഡി- ഫുട്ബാൾ മത്സരങ്ങൾ, വിവാഹങ്ങൾ തുടങ്ങി എവിടെയും ടെന്റ്, മൈക്ക്, ഡെക്കറേഷൻ എന്നിവ അന്തുക്കായ്ച്ചയിലൂടെയായിരുന്നു. ഓരോ സ്മൃതികളും സമ്മാനിച്ച് മൈക്ക് അന്തുക്കായ്ച്ച ഇനി ശബ്ദകോലാഹലങ്ങളില്ലാത്ത ലോകത്തേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.