നീലേശ്വരം: ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയവുമായി ബന്ധപ്പെട്ട വിവാദത്തിൽ സെക്രട്ടറി മിഥുൻ കൈലാസിനെ ബി.ജെ.പി ഭരിക്കുന്ന കാസർകോട് ബെള്ളൂർ പഞ്ചായത്തിലേക്ക് സ്ഥലം മാറ്റി. പഞ്ചായത്ത് അഡീഷനൽ ഡയറക്ടർ എം.പി. അജിത്ത് കുമാറിന്റേതാണ് ഉത്തരവ്. കഴിഞ്ഞ ഡിസംബർ 27നാണ് മിഥുൻ കൈലാസ് ബളാൽ പഞ്ചായത്തിൽ സെക്രട്ടറിയായി എത്തിയത്.
പാലക്കാട് ജില്ലയിലെ പരതൂർ പഞ്ചായത്തിൽനിന്നും അച്ചക്കട നടപടിയുടെ പേരിലാണ് മിഥുൻ കൈലാസിനെ ബളാൽ പഞ്ചായത്തിലേക്ക് മാറ്റി നിയമിച്ചത്. എന്നാൽ, പഞ്ചായത്തിൽ ഭരണസ്തംഭനം ഉണ്ടാക്കുന്ന തരത്തിലാണ് സെക്രട്ടറിയുടെ പ്രവർത്തനമെന്ന് ആരോപിച്ച് ബളാൽ പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം ചേരുകയും മിഥുൻ കൈലാസിനെ മാറ്റാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സെക്രട്ടറി മിഥുൻ കൈലാസ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, തന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നുകാണിച്ച് വെള്ളരിക്കുണ്ട് പൊലീസിൽ പരാതിയും നൽകി. സെക്രട്ടറിയുടെ പരാതിയിന്മേൽ രാജു കട്ടക്കയത്തിന്റെ പേരിൽ പൊലീസ് ജാമ്യമില്ല കുറ്റം ചുമത്തി കേസുമെടുത്തു.
സെക്രട്ടറിയുടെ പരാതിയിൽ, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ രാജു കട്ടക്കയത്തിന്റെ പേരിൽ കേസെടുത്തതോടെ വിവാദങ്ങൾക്ക് വഴിവെക്കുകയുമായിരുന്നു. ഇതിനിടയിൽ ക്വാറി ലൈസൻസ് നൽകണമെങ്കിൽ 25 ലക്ഷം രൂപ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള ഒരു വോയ്സ് ക്ലിപ് സെക്രട്ടറി പുറത്തുവിട്ടു. സെക്രട്ടറിക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ പേരിൽ അഴിമതി ആരോപിക്കുകയും പഞ്ചായത്ത് ഓഫിസ് മാർച്ച് ഉൾപ്പെടെ നടത്തുകയും ചെയ്തിരുന്നു.
പിന്നാലെ, രാജു കട്ടക്കയത്തിന്റെ പേരിൽ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തിയിരുന്നു. സെക്രട്ടറിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇടത് സംഘടനയായ കെ.ജി.ഒ സംഘടനയും രംഗത്തുവരുകയും സി.പി.എം പരസ്യപിന്തുണയുമായി നിൽക്കുമ്പോഴുമാണ് സെക്രട്ടറി മിഥുൻ കൈലാസിനെ ഇപ്പോൾ സ്ഥലംമാറ്റിയിരിക്കുന്നത്. സെക്രട്ടറിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള പഞ്ചായത്ത് ഡയറക്ടറുടെ നടപടി ബളാൽ പഞ്ചായത്ത് ഭരണസമിതിക്കൊപ്പം പഞ്ചായത്തിലെ ഏക സി.പി.എം പ്രതിനിധി സന്ധ്യ ശിവനും സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.