നീലേശ്വരം: ചോയ്യങ്കോട് ടൗണിൽ തെരുവുനായ്ക്കളുടെ ശല്യം മൂലം ജനം പൊറുതിമുട്ടി. നഗരത്തിൽ വിഹരിക്കുന്ന 25ഓളം നായ്ക്കളാണ് നാട്ടുകാർക്ക് ഭീഷണിയാകുന്നത്. ടൗണിലെ വ്യാപാരികളും നായ്ക്കളുടെ ശല്യംകൊണ്ട് പൊറുതിമുട്ടി. കാൽനടക്കാർക്ക് നേരേ കൂട്ടമായി എത്തി പേടിപ്പെടുത്തുകയാണ്.
ഏറെ തിരക്കുള്ള സ്ഥലമായതിനാൽ വാഹനങ്ങൾക്ക് കുറുകെ ചാടുന്നതും പതിവുകാഴ്ചയാണ്. സ്കൂളുകളിലും മദ്റസകളിലും പോകുന്ന കുട്ടികൾ ഏറെ ഭയത്തോടെയാണ് പോകുന്നത്.
വലിച്ചെറിയുന്ന മാലിന്യം തിന്നാൻ തമ്മിൽ കടിപിടികൂടുന്നതുമൂലം ബസ് സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർ പേടിച്ചാണ് നിൽപ്. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ നായ്ക്കളുടെ കിടത്തംതന്നെ റോഡിന് മുകളിലാണ്. വാഹനത്തിൽ പുലർച്ച എത്തുന്ന പത്രക്കെട്ടുകൾ കടിച്ച് നശിപ്പിക്കുന്നതുമൂലം ഏജന്റുമാർക്ക് പത്രം വിതരണം ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചോയ്യങ്കോട്ടെ തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.