നീലേശ്വരം: പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ ദേശീയപാത നീലേശ്വരം പള്ളിക്കര റെയിൽവെ മേൽപാലം നിർമാണം പൂർത്തിയായിട്ടും ഗതാഗതത്തിന് തുറന്ന് കൊടുത്തില്ല. കരാറുകാരൻ ജൂൺ രണ്ടിന് മേൽപാലത്തിന്റെ ഒരു ഭാഗം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് അറിയിച്ചുവെങ്കിലും ദേശീയ പാത അതോറിറ്റി കനിഞ്ഞില്ല.
മേൽപാലത്തിന് മുകളിൽ ടാറിങ് പണി ഇതിനകം പൂർത്തിയാക്കിയ ശേഷം ഇരുവശങ്ങളിലും തെരുവ് വിളക്കുകളും സ്ഥാപിച്ചു. പാലത്തിന് മുകളിൽ ഭാരം ഇറക്കിവച്ച് പരിശോധന നടത്തി. അങ്ങനെ മുഴുവൻ പണി പൂർത്തിയായിട്ടും വാഹനങ്ങളെ മാത്രം കടത്തിവിട്ടില്ല.
ദേശീയപാതയിലെ ഏക ലെവൽ ക്രോസിൽ ദിവസം കഴിയുന്തോറും ഇടുങ്ങിയ റോഡിൽ കൂടിയുള്ള ഗതാഗതകുരുക്ക് രൂക്ഷമാവുകയാണ്. 2018 ഒക്ടോബറിൽ തറക്കല്ലിട്ട് പണി ആരംഭിച്ച് ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും കോവിഡും മഴക്കാലവും മറ്റ് സാങ്കേതിക പ്രശ്നങ്ങളും കാരണം അനന്തമായി നീളുകയായിരുന്നു.
45 മീറ്റർ വീതിയിൽ 780 മീറ്റർ നീളത്തിലുള്ള പാലം 68 കോടി ചിലവഴിച്ചാണ് പൂർത്തിയാക്കിയത്. ഏറണാകുളം ഇ.കെ.കെ പ്രൈവറ്റ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. ഇനി ദേശീയപാത അതോററ്റി അധികൃതർ എന്ന് ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാരും യാത്രക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.