നീലേശ്വരം: പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിെന്റ ഭാഗമായി നീലേശ്വരം നഗരസഭ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം പാടേ തകിടം മറിഞ്ഞു.
ബസ് സ്റ്റാൻഡിന്റെ നാലു ഭാഗവും അടച്ചിടുന്നതിനായി ഫെബ്രുവരി 27ന് നഗരസഭ, പൊലീസ്, ആർ.ടി.ഒ. ഓട്ടോ തൊഴിലാളി യൂനിയൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മാർച്ച് ഒന്ന് മുതൽ പുതിയ ഗതാഗത ക്രമീകരണത്തിന് തീരുമാനമെടുത്തത്. എന്നാൽ, ദീർഘവീക്ഷണമില്ലാത്ത ഗതാഗത ക്രമീകരണം ആദ്യദിനം തന്നെ പരാജയപ്പെട്ടു. 2, 3 തീയതികളിൽ ക്രമീകരണം നിലവിൽ വന്നെങ്കിലും വീണ്ടും താളംതെറ്റി.
ദേശീയപാതയിൽനിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ, മുഖ്യ ബസാറിലെ തളിയിൽ ക്ഷേത്ര റോഡ് വഴി രാജാ റോഡിലെ പെട്രോൾ പമ്പിന് എതിർവശത്ത് നഗരസഭ പ്രേത്യകം തയാറാക്കിയ സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത് രാജാ റോഡ് വഴി തിരിച്ചുപോകണമെന്നായിരുന്നു നിർദേശം. ഇതിനു സമീപത്തെ ഓട്ടോസ്റ്റാൻഡ് രാജാ റോഡിലെ പെട്രോൾ പമ്പിന് എതിർവശം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്ക് മാറ്റണമെന്നുള്ള തീരുമാനവും നടപ്പാക്കാതെ പോയി.
ബസ് സ്റ്റാൻഡ് ഷീറ്റുകൊണ്ട് മറച്ച് പൂർണമായും അടച്ചിട്ടു. കെട്ടിയടച്ച ബസ് സ്റ്റാൻഡിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് നഗരസഭ മുന്നറിയിപ്പ് ബോർഡ് വെച്ച സ്ഥലത്ത് ഇപ്പോഴും ഓട്ടോ പാർക്കിങ് തുടരുന്നു. തിരക്കേറിയ രാജാ റോഡിന് സമീപത്താണ് ഓട്ടോ പാർക്ക് ചെയ്യുന്നത്.
ബസ് കാത്തുനിൽക്കാൻ നഗരസഭ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന് മാത്രമല്ല ഇവിടെ ബസുകളെത്തുമ്പോൾ പൊടിപടലംകൊണ്ട് യാത്രക്കാർ വലയുകയാണ്. സമീപത്തെ വീടുകളിലേക്കും ഹോട്ടലിലേക്കും പൊടിപടലമെത്തുന്നതുമൂലം ഇവർക്കും ദുരിതമേറെ.
കത്തുന്ന വേനലിൽ തണൽ പോലും ഇല്ലാതെ വിദ്യാർഥികളും യാത്രക്കാരും പൊരിവെയിലത്താണ് ബസിനായി നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.