നീലേശ്വരം: പട്ടാപ്പകൽ നീലേശ്വരം പള്ളിക്കരയിലെ വീട്ടിൽനിന്ന് അഞ്ചുപവൻ താലിമാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡർവളപ്പിലെ പി.എച്ച്. ആസിഫിനെയാണ് (22) കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപം നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കര സെന്റ് ആൻസ് എ.യു.പി സ്കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ച ഒരുമണിക്കും 2.30നുമിടയിൽ മോഷണം നടന്നത്.
സുകുമാരന്റെ ഭാര്യ ഉച്ചക്ക് കടയിലേക്ക് ഭർത്താവിനുള്ള ഭക്ഷണവുമായി പോയി തിരിച്ചെത്തിയ നേരത്തിനിടെയായിരുന്നു കവർച്ച. കടയിൽനിന്ന് തിരിച്ചെത്തിയശേഷം അയൽപക്കത്തെ വീട്ടമ്മയുമായി സംസാരിച്ചിരിക്കെ അടുക്കളഭാഗത്തെ ഗ്രില്ലിന്റെ വാതിൽ തള്ളിത്തുറന്ന് തൊട്ടടുത്ത പറമ്പിന്റെ മതിലും ചാടി കള്ളൻ ഓടിമറയുകയായിരുന്നു.
വിരലടയാള വിദഗ്ധർ വീട്ടിലെത്തി പരിശോധിച്ചശേഷം നീലേശ്വരം പൊലീസ് വിവിധ കവർച്ചക്കാരുടെ വിരലടയാളങ്ങൾ പരിശോധിച്ചപ്പോഴാണ് ഏത് നട്ടുച്ചക്കും ആളുകളുടെ കണ്ണുവെട്ടിച്ച് മോഷണം പതിവാക്കിയ പ്രതിയിലേക്കെത്തിയത്.
നീലേശ്വരം സി.ഐ കെ.വി. ഉമേശൻ, എസ്.ഐമാരായ ടി. വിശാഖ്, മധുസൂദനൻ മടിക്കൈ, പൊലീസ് ഉദ്യോഗസ്ഥരായ പി.കെ. ആനന്ദകൃഷ്ണൻ, അമൽ രാമചന്ദ്രൻ, പ്രഭേഷ് വൈക്കത്ത്, സുമേഷ് മാണിയാട്ട് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
കവർച്ചക്കാരനായ ആസിഫിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കവർച്ച, വധശ്രമം, മയക്കുമരുന്ന് ഇടപാട് അടക്കം നിരവധി കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.