നീലേശ്വരം: ഓട്ടുറുമ എന്ന പ്രാണികളുടെ ശല്യം സഹിക്കാനാവാതെ താമസംമാറേണ്ട അവസ്ഥയിൽ വീട്ടുകാർ. സന്ധ്യകഴിഞ്ഞ് വൈദ്യുതി പ്രകാശിക്കുന്നതോടെ ഓട്ടുറുമ പറന്നെത്തുകയാണ്.
ഓടിട്ട വീടായാലും കോൺക്രീറ്റ് വീടായാലും ഇവയുടെ ശല്യം കാരണം സന്ധ്യയായാൽ ബൾബുകൾ അണച്ച് ഒതുങ്ങേണ്ട അവസ്ഥയിലാണ് വീട്ടുകാർ. അടുക്കളയിൽ ഭക്ഷണസാധനങ്ങൾ വെക്കാൻപറ്റാത്ത അവസ്ഥയാണ്. വീട്ടുകാർക്ക് ടി.വിപോലും കാണാൻ പറ്റില്ല. മലയോരമേഖലയിലെ മിക്ക വീട്ടുകാരും ഓട്ടുറുമയുടെ ഭീഷണിയിലാണ്.
കിടന്നുറങ്ങുമ്പോഴും ഇവ മുഖത്തും ദേഹത്തും പറ്റിപ്പിടിച്ചിരുന്ന് ഉറക്കംകളയും. കുട്ടികളുടെ ചെവിയിൽ കയറാതിരിക്കാൻ ചെവിയിൽ പഞ്ഞിനിറച്ച് വെക്കേണ്ട അവസ്ഥയാണുള്ളത്. ചോയ്യങ്കോട് പോണ്ടിയിൽ ഈ പ്രാണിയുടെ ശല്യംമൂലം നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടിലാണ്.
മഴ കനത്തുപെയ്താൽ ഇവയുടെ ശല്യത്തിന് ചെറിയ വ്യത്യാസമുണ്ട്. കാലവർഷമെത്തിയിട്ടും കനത്ത മഴ ഇല്ലാത്തതാണ് പ്രാണിയുടെ ശല്യം കൂടാൻ കാരണമായി പറയുന്നത്. വസ്ത്രത്തിലും മറ്റും പിടിച്ചുകയറിയാൽ ഇവ അവിടെ തന്നെ ചുരുണ്ടുകൂടുകയാണ്. ചില കീടനാശിനികൾ തളിക്കുമ്പോഴും തീയിട്ട് പുകയിടുമ്പോഴും കുറച്ചെണ്ണം നശിക്കുന്നതല്ലാതെ അടുത്ത ദിവസം ഇവ പതിന്മടങ്ങ് വർധിച്ച് ശല്യം ഏറിവരുകയാണ്. ചില സ്കൂളുകളിൽ ഉണ്ടെങ്കിലും പകൽ സമയങ്ങളിൽ ശല്യമില്ല. ഓട്ടുറുമശല്യം വിഷയം ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ പ്രതിവിധി ഒന്നുമില്ലെന്നാണ് മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.