നീലേശ്വരം: കായൽ ടൂറിസത്തിന് പ്രാധാന്യം നൽകി നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്ത് അണിഞ്ഞൊരുക്കുന്ന ഹൗസ് ബോട്ട് ടെർമിനൽ നിർമാണം അന്തിമഘട്ടത്തിലേക്ക്. 2001ൽ ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപറേഷൻ കോട്ടപ്പുറം കേന്ദ്രീകരിച്ച് രണ്ട് ഹൗസ് ബോട്ടുകളുമായാണ് ക്രൂയിസ് ആരംഭിച്ചത്. എന്നാൽ, 2022 ആകുമ്പോഴേക്ക് 30ഓളം ഹൗസ് ബോട്ടുകളായി മാറി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും എത്തുന്ന വിനോദ സഞ്ചാരികൾക്കായി കോട്ടപ്പുറേത്തെക്ക് കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നുണ്ട്. കായൽ ടൂറിസം അനുദിനം വളർന്ന് വരുമ്പോൾ അനുഭവപ്പെട്ട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മനസ്സിലാക്കിയ നീലേശ്വരം നഗരസഭ എം. രാജഗോപാലൻ എം.എൽ.എ യുടെ ശ്രദ്ധയിൽപെടുത്തുകയും ശ്രമഫലമായി സംസ്ഥാന സർക്കാറിന്റെ മലനാട് റിവർ ക്രൂയിസ് പദ്ധതിയിൽ ഉൾപ്പെടുത്തി കേട്ടപ്പുറത്ത് ഹൗസ് ബോട്ട് ടെർമിനലിന് വേണ്ടി എട്ടു കോടി രൂപ അനുവദിക്കുകയും ചെയ്തു.
കേരളീയ വാസ്തുശിൽപ മാതൃകയിൽ അതിമനോഹരമായ ടെർമിനലാണ് ഉയരുന്നത്. 135 മീറ്റർ നീളത്തിൽ, നാല് ലെവലുകളുള്ള മൂന്ന് ജെട്ടികളും വാക്ക് വേയും വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും പ്രകൃതിഭംഗി ആസ്വദിക്കാൻ കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച ഇരിപ്പിടങ്ങളോടെയുള്ള സൈറ്റ് സീയിങ് ഏരിയയും ഇതിന്റെ പ്രത്യേകതകളാണ്. ഇന്ത്യയിലെ തന്നെ പ്രശസ്ത ആർക്കിടെക്റ്റ് ആയ മധുകുമാറാണ് പദ്ധതി ഡിസൈൻ ചെയ്തത്. ടെർമിനൽ നിർമാണം ഏതാണ്ട് പൂർത്തിയായി. ഇനി റോഡ്കൂടി പൂർത്തിയായാൽ ഉദ്ഘാടനത്തിന് തയാറാകും. മൂന്നു മാസത്തിനകം സഞ്ചാരികൾക്ക് തുറന്ന് കൊടുക്കും. ടെർമിനൽ സൈറ്റിലേക്ക് മുമ്പ് ഉണ്ടായിരുന്ന ചെറിയ റോഡ് ഗതാഗത യോഗ്യമല്ലാതായതോടെ അവിടേക്ക് നിർദേശിക്കപ്പെട്ട പുതിയ പുഴയോരം റോഡിനും സംസ്ഥാന സർക്കാർ ഒരു കോടി മുപ്പതു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
നിർമിതി കേന്ദ്രത്തിന്റെ ന്വേതൃത്വത്തിൽ നടക്കുന്ന റോഡ് പ്രവൃത്തിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ലോക ടൂറിസം ഭുപടത്തിൽ കോട്ടപ്പുറം എന്ന കൊച്ചു പ്രദേശം ഉൾപ്പെട്ടതോടെ സഞ്ചാരികളുടെ ഒഴുക്കും വർധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടുതന്നെ ഉദ്ഘാടനം ചെയ്യിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നീലേശ്വരം നഗരസഭ അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.