നീലേശ്വരം: നഗരസഭ പുതിയ ബസ് സ്റ്റാൻഡ് നിര്‍മാണപ്രവൃത്തി ആരംഭിച്ചതോടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ നീലേശ്വരം രാജാറോഡിലെ താൽക്കാലിക സ്റ്റാൻഡിലേക്ക് ദീര്‍ഘദൂര ബസുകൾ വരാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഈ ദീർഘദൂര ബസുകളെല്ലാം സമയം ലാഭിക്കുന്നതിന് ദേശീയപാതയിൽ കൂടി കടന്നുപോകുകയാണ്. കോഴിക്കോട്-കണ്ണൂര്‍-കാസര്‍കോട് റൂട്ടില്‍ ഇരുപത്തിയഞ്ചോളം സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തുന്നത്. ഇതില്‍ മിക്ക ബസുകളും ഇപ്പോള്‍ ബസ് സ്റ്റാൻഡില്‍ കയറാതെ ദേശീയപാതയിലൂടെ പോകുന്നതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം നിർമാണം ആരംഭിച്ചതുമൂലം താൽക്കാലിക സ്റ്റാൻഡായ രാജാറോഡിലെ പെട്രോൾ പമ്പിന് മുൻവശത്തെ സ്റ്റാൻഡിൽ എല്ലാ ബസുകളും വരാതെയായി.
ഇതില്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത് മലയോര മേഖലയിൽ നിന്നുള്ള യാത്രക്കാരാണ്. പല ആവശ്യങ്ങള്‍ക്ക് ദീര്‍ഘദൂര യാത്രക്കായി അതിരാവിലെ രാജാറോഡിലെ താല്‍ക്കാലിക ബസ് സ്റ്റാൻഡില്‍ എത്തുന്ന ആളുകള്‍ മണിക്കൂറോളം കാത്തുനില്‍ക്കുമെങ്കിലും കണ്ണൂർ-കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ എത്തിച്ചേരാറില്ല. സ്റ്റാൻഡിലേക്ക് വരുന്ന യാത്രക്കാരെ ദേശീയപാത ജങ്ഷനിൽ ഇറക്കിവിടുകയാണ്. ഇവിടെനിന്നും ഓട്ടോവിളിച്ച് സ്റ്റാൻഡിലേക്ക് എത്തുമ്പോഴേക്കും മലയോരത്തേക്കുള്ള ബസുകള്‍ പോയിക്കഴിഞ്ഞിരിക്കും. അടുത്ത ബസിനായി പിന്നെയും ഏറെനേരം കാത്തുനില്‍ക്കേണ്ടിവരുന്നു. അതേസമയം, ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാല്‍ തങ്ങള്‍ക്ക് കൃത്യസമയം പാലിക്കാന്‍ കഴിയുന്നില്ലെന്നും പലപ്പോഴും സമയം ഏറെ വൈകേണ്ടിവരുന്നെന്നും അതിനാലാണ് രാജറോഡിലേക്ക് കയറാത്തതെന്നും സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്നു.
മാത്രമല്ല, എത്തിയാൽതന്നെ ബസുകൾ തിരിക്കാനുള്ള ഒരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാത്തതിനാൽ സ്റ്റാൻഡ് ഏജന്റുമാരുടെ വരുമാനത്തെയും ഏറെ ബാധിക്കുന്നുണ്ട്. നഗരസഭ അധികൃതരും പൊലീസും ഇടപെട്ട് ദീർഘദൂര ബസുകളെ താൽക്കാലിക സ്റ്റാൻഡിലേക്ക് കയറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.