നീലേശ്വരം: മംഗളൂരു-രാമേശ്വരം ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞദിവസം സെക്കന്തരാബാദിൽ ചേർന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റി മംഗളൂരു-രാമേശ്വരം ട്രെയിൻ സർവിസ് ആരംഭിക്കുന്നതിന് അനുമതി നൽകിയിരുന്നു. ചെറുവത്തുർ, കയ്യൂർ-ചീമേനി, കിനാനൂർ - കരിന്തളം, മടിക്കൈ, ബളാൽ, കോടോം - ബേളൂർ, വെസ്റ്റ് - എളേരി, ഈസ്റ്റ് - എളേരി, വലിയപറമ്പ തുടങ്ങിയ പഞ്ചായത്തുകളിലെയും നീലേശ്വരം നഗരസഭയിലേയും ജനങ്ങൾ പൂർണമായും കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങൾ ഭാഗികമായും നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. നീലേശ്വരത്തും പരിസരത്തുമുള്ള തമിഴ്നാട് സ്വദേശികളിൽ അധികവും രാമേശ്വരത്തും പരിസരങ്ങളിൽ നിന്നുള്ളവരാണ്. എല്ലാവരും ഇപ്പോൾ കോയമ്പത്തൂരും മധുരയിലും പോയിട്ടാണ് നാട്ടിലേക്ക് പോകുന്നത്.
മംഗളൂരു-രാമേശ്വരം സർവിസ് 2016ലാണ് റെയിൽവേ പ്രഖ്യാപിച്ചത്. മലബാറിൽനിന്ന് രാമേശ്വരം, പഴനി എന്നിവിടങ്ങളിലേക്ക് പോകുന്ന നിരവധി തീർഥാടകർക്കും കൊടൈക്കനാലിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്കും മധുര, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ സർവിസ് സൗകര്യപ്രദമായിരിക്കും. നിലവിൽ, മലബാറിൽനിന്ന് മധുരയിലേക്കുള്ള യാത്രക്കാർക്ക് ലഭ്യമായ ഏകമാർഗം ദാദർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ്. ഇത് കോയമ്പത്തൂർ വഴി ആഴ്ചയിൽ ഒരിക്കൽ സർവിസ് നടത്തുന്നു. മംഗളൂരുവിൽനിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിന്‍ ക്ഷേത്രനഗരമായ രാമേശ്വരം മാത്രമല്ല, രാമേശ്വരത്തിന്റെ തെക്കുകിഴക്കേ അറ്റത്തുള്ള പ്രേത നഗരമെന്ന് വിശേഷണമുള്ള ധനുഷ്കോടിയിലേക്കുമുള്ള യാത്രകളാണ് ഈ ട്രെയിന്‍ യാഥാര്‍ഥ്യമായാല്‍ സുഗമമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.