നീലേശ്വരം: നഗരസഭ പരിധിയിലെ അങ്കക്കളരി വാർഡിൽ മൂന്ന് സ്ത്രീകൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റു രണ്ടുപേർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മൂന്നുപേരും കരിന്തളം കിണാവൂർ പാടശേഖരത്തിൽ നെല്ല് കൊയ്യാൻ പോയിരുന്നു. തുടർന്നാണ് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ വർഷം പാലായി, നീലായി, പള്ളിക്കര പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി എലിപ്പനി പടർന്നിരുന്നു. ശനിയാഴ്ച രാവിലെ നീലേശ്വരം താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ അങ്കക്കളരി പ്രദേശത്ത് നിയന്ത്രണ നിരീക്ഷണ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. താലൂക്കാശുപത്രിയിലെ മുഴുവൻ ഫീൽഡ് തല ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും അങ്കക്കളരി, പാലാത്തടം ഭാഗങ്ങളിൽ പനി സർവേയും ബോധവത്കരണ നോട്ടീസ് വിതരണം നടത്തി.
ആശുപത്രി സൂപ്രണ്ട് ഡോ. എ. ജമാൽ അഹമ്മദിന്റെ നേതൃത്വത്തിൽ ഹെൽത്ത് സൂപ്പർവൈസർ കുഞ്ഞികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷീജ ലത, പബ്ലിക്ക് ഹെൽത്ത് നഴ്സ് ഉഷ എന്നിവരാണ് ഫീൽഡുതല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.