നീലേശ്വരം: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നേത്രാവതി എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ് അനുവദിച്ചു. നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് കളക്റ്റീവ് സംഘടന മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും നിലവിൽ എം.പിയുമായ സദാനന്ദ ഗൗഡക്ക് ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു.
തുടർന്ന് എൻ.ആർ.ഡി.സി മുഖ്യരക്ഷാധികാരി പി. മനോജ് കുമാർ റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ നിരന്തരമായ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ലോകമാന്യതിലക് - തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് നിർത്തിതുടങ്ങുന്ന തീയതിയും സമയവും ഉടൻ തന്നെ പ്രഖ്യാപിക്കും.
പാലക്കാട് ഡിവിഷന് കീഴിൽ മികച്ച റെയിൽവേ സ്റ്റേഷൻ എന്ന നിലവാരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം വീതി കൂട്ടി ഉയർത്തിയതും മേൽക്കൂര നിർമിച്ചതും മേൽ നടപ്പാലത്തിൽ ടൈൽസ് പാകിയതും എൻ.ആർ.ഡി.സിയുടെ ഇടപെടലിന്റെ ഭാഗമായിരുന്നു.
രണ്ട് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന നടപ്പാലത്തിന് സമീപം ലിഫ്റ്റ് സ്ഥാപിക്കാനുള്ള ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു. സുരേഷ് ഗോപി എം.പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് രണ്ടാം പ്ലാറ്റ്ഫോമിൽ ശൗചാലയം നിർമിച്ചതും നീലേശ്വരത്തിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന ചുവർചിത്രങ്ങൾ റെയിൽവേ സ്റ്റേഷനിൽ ചുമരുകളിൽ അടയാളപ്പെടുത്തിയതും സമീപകാല നേട്ടങ്ങളായിരുന്നു.
കഴിഞ്ഞ ആറ് വർഷത്തിനിടയിൽ എൻ.ആ.ർ ഡി.സി.യുടെ ശ്രമഫലമായി ചെന്നൈ സൂപ്പർഫാസ്റ്റ്, ബാംഗ്ലൂർ എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ് എന്നിവക്ക് സ്റ്റോപ് അനുവദിച്ചിരുന്നു.
കോവിഡ്കാലത്ത് നിർത്തലാക്കിയ മംഗള, വെസ്റ്റ് കോസ്റ്റ് വണ്ടികളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചു. ഇവ നീലേശ്വരത്തിന്റെ വരുമാനത്തിൽ ഗണ്യമായി വർധനയുണ്ടാക്കി. അമൃതഭാരത് സ്റ്റേഷൻ പദ്ധതിയിൽ നീലേശ്വരം റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്താനുള്ള നിർദേശം റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.