നീലേശ്വരം: തെരഞ്ഞെടുപ്പിനുമുമ്പ് കൊട്ടിഘോഷിച്ച് പ്രവൃത്തി ഉദ്ഘാടനം നടത്തിയെങ്കിലും പരപ്പ ബസ് സ്റ്റാന്‍ഡ് ഇനിയും കടലാസില്‍തന്നെ. സ്ഥലം ഏറ്റെടുത്ത് 11 വര്‍ഷമായിട്ടും ബസ്സ്റ്റാൻഡിെൻറ നിര്‍മാണം തുടങ്ങാത്ത സാഹചര്യത്തില്‍ അത് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബസ്സ്റ്റാൻഡിനുവേണ്ടി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ സമീപവാസികള്‍. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവും മലയോരത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നുമായ പരപ്പയില്‍ ബസ്സ്റ്റാൻഡ് നിര്‍മിക്കാന്‍ സ്ഥലം ലഭ്യമല്ലെന്നുപറഞ്ഞ് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് അധികൃതര്‍ കൈമലര്‍ത്തിയപ്പോഴാണ് 2010ല്‍ സമീപവാസികളായ മൂന്നുപേര്‍ ചേര്‍ന്ന് 58.5 സെൻറ് സ്ഥലം സൗജന്യമായി നല്‍കിയത്. പാലക്കുടിയില്‍ ജോയി, കുരിക്കള്‍ വേണു, കുരിക്കള്‍ തമ്പാന് എന്നിവരാണ് സ്ഥലം നല്‍കിയത്. സ്ഥലം ലഭിച്ചയുടന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിരപ്പാക്കിെവച്ചതല്ലാതെ പിന്നീടൊരു നടപടിയും പഞ്ചായത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടായില്ല. അതുകഴിഞ്ഞ് പഞ്ചായത്തില്‍ രണ്ട് ഭരണസമിതികള്‍ മാറിവന്നു. കിനാനൂർ പഞ്ചായത്തിലെ ഏറ്റവും വലിയ ടൗണില്‍ ബസ് സ്റ്റാന്‍ഡ് പണിയുന്ന കാര്യം മാത്രം എപ്പോഴും പദ്ധതി രേഖകളിലൊതുങ്ങി. പഞ്ചായത്തിന് ഏറ്റവുമധികം റവന്യൂ വരുമാനം നേടിത്തരുന്ന ടൗണായിട്ടും അതില്‍ കുറച്ചെങ്കിലും ചെലവഴിച്ച് ഇവിടെ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ ഭരണസമിതികള്‍ വലിയ താൽപര്യമൊന്നും കാണിച്ചില്ല. വിശാലമായി പരന്നുകിടക്കുന്ന പഞ്ചായത്തിെൻറ അങ്ങേയറ്റത്താണെന്നതും രാഷ്ട്രീയ കാരണങ്ങളും പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപവത്കരിക്കണമെന്ന നിര്‍ദേശം ഒരു ദശകത്തിലേറെയായി കടലാസിലുറങ്ങുന്നതുമെല്ലാം ഇതിന് കാരണമായി.
അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്കും മറ്റൊരു പഞ്ചായത്തായി മാറാന്‍ പോകുന്ന സ്ഥലത്തിനുവേണ്ടി അധികം മുതല്മുടക്കിയിട്ട് കാര്യമില്ലെന്ന് ഓരോ ഭരണസമിതിയും കണക്കുകൂട്ടി. എന്നാല്‍, ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പുതിയ പഞ്ചായത്തെന്ന സ്വപ്നവും ബസ്സ്റ്റാൻഡുമെല്ലാം ഒരുപോലെ മരീചികയായി. മംഗളൂരു, ബംഗളൂരു, കോട്ടയം, കുമളി, പാലാ ഭാഗങ്ങളിലേക്ക് പോകുന്നവയുള്പ്പെടെ നൂറോളം ബസുകളാണ് പ്രതിദിനം പരപ്പയിലൂടെ സര്‍വിസ് നടത്തുന്നത്. ഇവയെല്ലാം ആളെ ഇറക്കുന്നതും കയറ്റുന്നതും പാര്‍ക്ക് ചെയ്യുന്നതുമെല്ലാം പ്രധാന റോഡില്നിന്നുതന്നെയാണ്. സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമോ ശുചിമുറിയോ പോലും ഇവിടെ ലഭ്യമല്ല. ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പലവട്ടം സമരപരിപാടികളും നടന്നിരുന്നു. എന്നാല്‍, ഇതൊന്നും പഞ്ചായത്തിനെ ഉണര്‍ത്താന്‍ പര്യാപ്തമായില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അന്നത്തെ റവന്യൂ മന്ത്രി കൂടിയായിരുന്ന സ്ഥലം എം.എല്‍.എ ഇ. ചന്ദ്രശേഖരന് ബസ് സ്റ്റാന്‍ഡിെൻറ നിര്‍മാണ ഉദ്ഘാടനം നടത്തിയപ്പോള്‍, ഇനിയെങ്കിലും വല്ലതും നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതും വൃഥാവിലായതോടെയാണ് പഴയ സ്ഥലമുടമകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഇതോടൊപ്പം വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് സംയുക്ത സമരസമിതി രൂപവത്കരിച്ച് സമരരംഗത്തിറങ്ങാനും ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.