നീലേശ്വരം: മഹാബലി വേഷത്തെ പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ച് ആതുര സേവന മേഖലയിലെ മാലാഖ. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും നടത്തിയ ഓണാഘോഷത്തിലാണ് ഒരു വനിത നഴ്സ് മാവേലി വേഷത്തിൽ അരങ്ങിലെത്തിയത്. താലൂക്ക് ആശുപത്രിയിൽ സീനിയർ നഴ്സിങ് ഓഫിസറായി സേവനം ചെയ്യുന്ന കാഞ്ഞങ്ങാട് ആവിക്കരയിലെ ഷീജയാണ് മഹാബലി വേഷത്തിൽ തിളങ്ങിയത്. ആശുപത്രിയിലെ ഓണാഘോഷത്തിൽ മാവേലി വേഷം ചെയ്യാൻ നഴ്സ് ഷീജ മുന്നോട്ട് വരുകയായിരുന്നു.
വെട്ടിത്തിളങ്ങുന്ന വേഷഭൂഷാധികളോടൊപ്പം ആടയാഭരണങ്ങളുമായി കൊമ്പൻ മീശയും ഓലക്കുടയുമായി വേഷ പ്രഛന്നനായി ഷീജയെത്തി. പിന്നീട് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്ടർമാർക്കും സഹപ്രവർത്തകർക്കും അനുഗ്രഹം ചൊരിഞ്ഞ് ഓണാശംസകൾ നേർന്നു.
മാലാഖ വേഷത്തിൽ രോഗികൾക്ക് സാന്ത്വന കരസ്പർശം ജീവിത താളമാക്കിയ ഇവർ മാവേലി വേഷത്തിലും താളം കണ്ടെത്തി. മുമ്പ് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ക്രിസ്മസ് ആഘോഷത്തിൽ ക്രിസ്മസ് അപ്പൂപ്പൻ വേഷത്തിൽ തിളങ്ങിയ പാരമ്പര്യവുമായാണ് നീലേശ്വരം താലൂക്ക് ആശുപതിയിലും വേറിട്ട മാവേലി വേഷത്തിൽ ആളുകളെ വിസ്മയിപ്പിച്ചത്. ആശുപത്രി പി.ആർ.ഒ രമ്യ റിൻസാണ് ഷീജയെ മാവേലി വേഷത്തിൽ അണിയിച്ചൊരുക്കിയത്. ഭർത്താവ് രവിചന്ദ്രൻ ടെലിഫോൺ എക്സ്ചേഞ്ച് ജീവനക്കാരനാണ്. അമൽ, ആദിത്യ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.