നീലേശ്വരം: ‘സാർ ഞാൻ കള്ളനല്ല... വിശപ്പ് സഹിക്കാൻ കഴിയാതെവന്നപ്പോൾ ചെയ്തുപോയതാണ്. കോഴിയെ വിറ്റുകിട്ടുന്ന പൈസകൊണ്ട് വയറുനിറയെ ഭക്ഷണം കഴിക്കാൻ വേണ്ടിയായിരുന്നു’ കോഴിയെ മോഷ്ടിച്ചെന്ന കാരണത്തിന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച 27കാരന്റെ സങ്കടക്കഥയറിഞ്ഞ വെള്ളരിക്കുണ്ട് പൊലീസ് ഒടുവിൽ സ്നേഹത്തോടെ വയറുനിറച്ച് ഭക്ഷണം നൽകി. ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന രംഗംകണ്ട് പൊലീസുകാരുടെയും കണ്ണും മനസ്സും നിറഞ്ഞു.
കള്ളാർ പഞ്ചായത്ത് പൂടംകല്ലിലെ യുവാവിനെയാണ് നാട്ടുകാർ വെള്ളരിക്കുണ്ട് പൊലീസിൽ ഏൽപിച്ചത്. ഇടക്കിടെ മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്ന യുവാവാണ് വഴിതെറ്റി സംഭവം നടന്ന പരപ്പ എടത്തോട് എത്തുന്നത്. നടന്നുതളർന്ന് വിശന്നുവലഞ്ഞപ്പോൾ പാലത്തിനുസമീപം കണ്ട അടച്ചിട്ടവീട്ടിലെ കോഴിക്കൂട്ടിൽനിന്ന് കോഴിയെ പിടികൂടാൻ ശ്രമിച്ചു.
ചുവന്ന മുണ്ടുമാത്രം ധരിച്ച് പാത്തും പതുങ്ങിയും കോഴിയെ പിടികൂടുന്നത് സി.സി.ടി.വിയിൽ വീട്ടുകാർ കണ്ടു. അവർ ഉടൻ നാട്ടുകാരെയും പിന്നീട് വെള്ളരിക്കുണ്ട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പട്ടാപ്പകൽ കോഴിയെ മോഷ്ടിക്കാൻ ശ്രമിച്ചവനെ കാണാൻ ആളുകൾ കൂടി. പിന്നീട് പൊലീസെത്തി യുവാവിനെ സ്റ്റേഷനിലെത്തിച്ചു.
തുടർന്നുള്ള ചോദ്യംചെയ്യലിലാണ് രണ്ട് ദിവസമായി ഭക്ഷണം തേടിയലയുന്ന യുവാവാണെന്ന് മനസ്സിലാക്കിയത്. ഉടൻ കുടിക്കാൻ വെള്ളം നൽകിയശേഷം സ്റ്റേഷൻ മെസിൽ രാത്രി ഡ്യൂട്ടിയിലുള്ളവർക്ക് കരുതിവെച്ച ഭക്ഷണം നൽകുകയായിരുന്നു. ദരിദ്ര കുടുംബാംഗമായ യുവാവിന് അമ്മയും അനുജനുമാണുള്ളത്. തുടർന്ന് എസ്.ഐ ശ്രീദാസ് പുത്തൂർ, സ്റ്റേഷനിലെ മറ്റൊരു എസ്.ഐ രമേശൻ, പ്രേമരാജൻ എന്നിവർക്കൊപ്പം പൊലീസ് വാഹനത്തിൽ രാത്രിയോടെ യുവാവിനെ വീട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.