നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ കളിമണ്ണ് ഗ്രാമമായ ഏരിക്കുളം വയലിൽ മണ്ണെടുപ്പുത്സവം തുടങ്ങി. മൺപാത്ര നിർമാണത്തിനാവശ്യമായ പ്രത്യേകതരം പശരൂപത്തിലുള്ള മണ്ണ് വയലിൽനിന്ന് കുഴിച്ചെടുത്ത് ശേഖരിക്കലാണ് ഒരു നാടിന്റെ ഉത്സവാന്തരീക്ഷം പോലെ നടക്കുന്നത്. നൂറ്റാണ്ടുകളായി കുശവൻ സമുദായക്കാരുടെ കുലത്തൊഴിലിന്റെ ഒരു ആചാരച്ചടങ്ങുപോലെയാണ് ഇത് നടത്തുന്നത്.
എരിക്കുളം ഗ്രാമത്തിലെ ആബാലവൃദ്ധ ആളുകളും വലയിൽ ഇറങ്ങി മണ്ണ് ശേഖരിക്കുന്നതിൽ പങ്കെടുക്കും. ഒരാഴ്ച വയലിൽ നിന്ന് മണ്ണ് കുഴിച്ചെടുക്കും. അടുത്ത ഒരുവർഷം മൺപാത്ര നിർമാണത്തിനുള്ള മണ്ണ് കുഴിച്ചെടുത്ത് തലച്ചുമടായി കൊണ്ടുവന്ന് അവരവരുടെ പറമ്പിൽ ചെറിയ കുഴിയെടുത്ത് സൂക്ഷിക്കും.
ചളി ചൂര്, പൊടി ചൂര് എന്നീയിനം മണ്ണാണ് വലയിൽനിന്ന് കിട്ടുന്ന ഇനങ്ങൾ. ഈ മണ്ണിൽ ആവശ്യത്തിന് പൂഴി ചേർത്ത് മൺപാത്ര നിർമാണത്തിനാവശ്യമായ രീതിയിൽ കുഴച്ചെടുക്കും. എരിക്കുളത്തെ നൂറ്റമ്പതോളം വീടുകളിൽ 50 വീടുകളിൽ മാത്രമാണ് ഇപ്പോൾ മൺപാത്ര നിർമാണം നടക്കുന്നത്.
സ്റ്റീൽ പാത്രങ്ങൾ വീടുകളിലെ അടുക്കള കൈയടക്കിയപ്പോൾ മൺപാത്ര നിർമാണത്തിലേർപ്പെടുന്നവർ ചുരുങ്ങി ഇപ്പോൾ കുലത്തൊഴിൽ ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.