നീലേശ്വരം: നഗരത്തിലെ ഓവുചാലിന് മുകളിൽ കൂടി നടന്നുപോകുന്നവർ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ സ്ലാബിനിടയിൽ കാൽ കുടുങ്ങും. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഓവുചാൽ സ്ലാബിൽ കാൽ കുടുങ്ങിയവർ നിരവധിയാണ്. നീലേശ്വരം നഗരസിരാകേന്ദ്രമായ രാജാറോഡിൽ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഓവുചാൽ സ്ലാബ് താൽക്കാലികമായി ഒന്നു നേരെയാക്കാൻപോലും നഗരസഭ അധികൃതർ തയാറാകുന്നില്ല.
സ്ലാബിന്റെ കോൺക്രീറ്റ് പൊളിഞ്ഞ് തള്ളിനിൽക്കുന്ന കമ്പിക്കഷണങ്ങളിൽ തട്ടി യാത്രക്കാർ വീഴുന്ന അവസ്ഥയുണ്ട്. പഴയ വസന്ത സ്റ്റുഡിയോക്ക് മുന്നിലും കനറാ ബാങ്കിന് സമീപം കവലവഴിക്കൽ എന്റർപ്രൈസസിനും കൗസല്യ ഗോൾഡിന് മുന്നിലുമാണ് ഈ അപകടക്കുരുക്ക്.
ഇതുവഴി നടന്നുപോയ സ്ത്രീ വ്യാഴാഴ്ച ഉച്ചക്ക് അപകടത്തിൽപെട്ടിരുന്നു. ഒന്നരവർഷത്തോളമായി ഇവിടെയുള്ള അപകടക്കുരുക്കിനെക്കുറിച്ച് നിരവധി തവണ നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. നീലേശ്വരം ബസ് സ്റ്റാൻഡ്, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കനറാ ബാങ്ക്, എൻ.എസ്.സി ബാങ്ക് എന്നിവിടങ്ങളിലേക്കുള്ളവർ നടന്നുപോകുന്ന വഴിയിലാണ് അപകടക്കെണി.
ഓവുചാലിൽ കല്ലിട്ട് നിറച്ചും തള്ളിനിൽക്കുന്ന കമ്പികൾ മൂടിയില്ലാത്ത പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിവെച്ചും ഒരുപരിധിവരെ അപകടമൊഴിവാക്കുന്നത് സമീപത്തെ വ്യാപാരികളാണ്. എന്നാൽ, പല തിരക്കുകളുമായി ഇതുവഴി നടക്കുന്നവർ ഊഴമിട്ട് അപകടത്തിൽപെടുകയും ചെയ്യുന്നു. ഇതൊന്നും ശ്രദ്ധിക്കാൻ സമയം തീരെയില്ലെന്ന സ്ഥിതിയിലാണ് നഗരസഭ അധികൃതരുടെ പോക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.